മീനിനും ഇറച്ചിക്കും തീവില…
മീൻ, ഇറച്ചി വില കുതിക്കുന്നു, അടുക്കളയിൽ ഇനി കൈപൊള്ളും. നിയന്ത്രണങ്ങളില്ലാതെ കോഴിയിറച്ചി വില ഉയരുന്നതിനിടെ ഇരുട്ടടിയായി മീനിന്റെ വിലയും ഉയരുന്നു. കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചാകുന്നുവെന്നും അതിനാൽ ഉൽപാദനം കുറഞ്ഞെന്നുമുള്ള കാരണം പറഞ്ഞാണ് ഇതരസംസ്ഥാന ലോബികൾ കോഴിവില കുത്തനെ കൂട്ടിയത്. കഴിഞ്ഞമാസം കിലോയ്ക്കു 116–120 വിലയുണ്ടായിരുന്ന കോഴിയിറച്ചി ഇന്നലെ കോട്ടയം മാർക്കറ്റിൽ 166–170 വിലയ്ക്കാണു വിറ്റത്. 10 ദിവസത്തിനുള്ളിൽ 50–70 രൂപയുടെ വർധനയാണുണ്ടായത്. ജില്ലയിൽ ഭൂരിപക്ഷം കടകളിലും തമിഴ്നാട് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനത്തു നിന്നെത്തുന്ന കോഴികളാണു വിൽക്കുന്നത്. തലയോലപ്പറമ്പ്, വൈക്കം എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്നു ചിലയിടങ്ങളിൽ ചെറിയ അളവുകളിൽ ലോഡ് എത്തും.
ഇവയുടെ വിലയ്ക്കും വ്യത്യാസമില്ല. വില ഉയർന്നതോടെ വിൽപന കുറഞ്ഞെന്ന പരാതിയും വ്യാപാരികൾ പറയുന്നു. ഇറച്ചിക്കൊപ്പം കോഴിമുട്ടയുടെ വില 5.50 രൂപയിൽ നിന്ന് 6 രൂപയിലേക്ക് ഉയർന്നത് ഹോട്ടൽ ബിൽ ഉയർത്തും. കോഴിയിറച്ചി, മുട്ട അടങ്ങുന്ന വിഭവങ്ങളുടെ വില കൂട്ടാതെ മറ്റു നിർവാഹമില്ലെന്നാണു ഹോട്ടലുടമകൾ പറയുന്നത്.
വില നിയന്ത്രിക്കുന്നത് തമിഴ്നാട്
കേരളത്തിലേക്കെത്തുന്ന ഇറച്ചിക്കോഴിയുടെ വില നിയന്ത്രണം കൈകാര്യം ചെയ്യുന്നത് തമിഴ്നാട് ബ്രോയിലർ കോഓർഡിനേഷൻ കമ്മിറ്റിയാണ്. ഓഫ് സീസണുകളിൽ പോലും കോഴിയുടെ വില ഉയർത്തുന്നത് ഇവരാണന്നാണു വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിലെ ഉൽപാദനത്തിൽ തുടങ്ങി കേരളത്തിൽ ഏതു വിലയ്ക്ക് ഇറച്ചിക്കോഴി വിൽക്കണമെന്നു വരെ നിശ്ചയിക്കുന്നത് ഇവരാണ്. സംസ്ഥാനത്തെ വിലനിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതും ഇവർക്കു വളമാകുന്നു. കേരളത്തിലെ ഫാമുകളിൽ വളർത്താനായി കോഴിക്കുഞ്ഞുങ്ങളെ ഇവിടേക്കു വിതരണം ചെയ്യുന്നതും ഇവരിലൂടെത്തന്നെയാണ്. ഇവിടത്തെ ഫാമുകളിൽ ഉൽപാദനം മെച്ചപ്പെട്ടാൽ ഉടനെ ഗണ്യമായി വില കുറച്ചു കേരളത്തിലെത്തിക്കും.
ഇതോടെ കേരളത്തിലെ ഫാമുടമകളും കുറഞ്ഞ വിലയിൽ വിൽക്കാൻ നിർബന്ധിതരാവുകയും വരുമാനം കുത്തനെ കുറഞ്ഞു സ്ഥാപനം പൂട്ടേണ്ടി വരുകയും ചെയ്യും. ഇതിനെയെല്ലാം മറികടക്കാൻ 87 രൂപയ്ക്ക് ഇറച്ചിക്കോഴി നൽകുമെന്ന് പറഞ്ഞ കേരള ചിക്കൻ പദ്ധതി ലക്ഷ്യം കാണാതെ പോയതും വില ഉയരാൻ കാരണമാകുന്നു.
മീനിന് തീവില
കടലിൽ നിന്നു മത്സ്യലഭ്യത കുറഞ്ഞതോടെ വിപണിയിൽ കഴിഞ്ഞദിവസം മുതൽ വില കുത്തനെ ഉയർന്നിരുന്നു. ഇന്നലെ മുതൽ ട്രോളിങ് നിരോധനം കൂടി ആരംഭിച്ചതോടെ തീവിലയായി. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 120–140 രൂപയുണ്ടായിരുന്ന മത്തിക്ക് ഇന്നലെ 260 രൂപയായിരുന്നു. 160 രൂപയുണ്ടായിരുന്ന വലിയ അയല 280 രൂപയായി. ചെറിയ കിളിമീൻ 160ൽ നിന്നു 220ലേക്കു കടന്നു. കാലവർഷം കനക്കുന്നതോടെ പുല്ലൻ, പള്ളത്തി, കാരി, വരാൽ, പരൽ തുടങ്ങിയ ആറ്റുമീനുകൾ ധാരാളമായി എത്തുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു.