കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ടെൻഡർ ക്ഷണിച്ചു..
കാഞ്ഞിരപ്പള്ളി ∙ ആറു പതിറ്റാണ്ടിലേറെ പഞ്ചായത്തിന്റെ ആസ്ഥാന മന്ദിരമായിരുന്ന കെട്ടിടം ഓർമയാകുന്നു. പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം നിർമിക്കുന്നതിനു വേണ്ടി പഴയ കെട്ടിടം പൊളിച്ചു മാറ്റും. കെട്ടിടം പൊളിച്ചു നീക്കാൻ പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചു. 1960ൽ നിർമിച്ച കെട്ടിടത്തിൽ പഞ്ചായത്ത് ഓഫിസിനു പുറമെ കുടുംബശ്രീ ഓഫിസ്, ജനകീയ ഹോട്ടൽ എന്നിവയും പ്രവർത്തിക്കുന്നു. കരാർ ഏറ്റെടുക്കുന്നവർ കരാർ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ കെട്ടിടം പൂർണമായും പൊളിച്ച് നീക്കണം. പഞ്ചായത്ത് ഓഫിസിന്റെ പ്രവർത്തനം ജൂൺ 5 മുതൽ ടൗൺ ഹാളിലേക്കു മാറ്റിയിരുന്നു.
എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നര കോടി രൂപ വിനിയോഗിച്ചാണ് പുതിയ ഓഫിസ് കെട്ടിടം നിർമിക്കുന്നത്. 3 നിലകളിലായി 16000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണു നിർമിക്കുന്നത്. ഇതിൽ പഞ്ചായത്ത് ഓഫിസ്, വിഇഒ ഓഫിസ്, എൽഎസ്ജിഡി വിഭാഗം, കുടുംബശ്രീ ഓഫിസ്, വിവിധ സേവന കേന്ദ്രങ്ങൾ, കഫേ ഷോപ്പ് തുടങ്ങിയവ ഉൾപ്പെടുന്ന ആദ്യ 2 നിലകളുടെ നിർമാണം ആദ്യ ഘട്ടമായി നടത്തും. തുടർന്നു രണ്ടാം ഘട്ടമായി മൂന്നാം നിലയിൽ ഓഡിറ്റോറിയവും നിർമിക്കാനാണു പദ്ധതി. ഓഫിസ് സമുച്ചയം നിർമിച്ചശേഷം ദേശീയ പാതയോരത്തോടു ചേർന്നു 28 ഷട്ടറുകൾ ഉൾപ്പെടെയുള്ള ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനും പദ്ധതിയുള്ളതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.