സ്പെഷ്യൽ ഓഫിസർ വി. തുളസിദാസിന് നന്ദി ; സംശയങ്ങൾ പൂർണമായും ദൂരീകരിച്ചു; ഇനി എരുമേലി വിമാനത്താവളപദ്ധതി മുന്നോട്ട്..

എരുമേലി : എരുമേലി ശബരിമല ഇന്റർനാഷണൽ ഗ്രീൻ ഫീൽഡ് എയർപോർട്ട് വികസന സമിതിയുടെ നേതൃത്വത്തിൽ എരുമേലിയിൽ നടന്ന ജനകീയ സമ്മേളനത്തിൽ വിമാനത്താവള പദ്ധതി സ്പെഷ്യൽ ഓഫിസർ വി തുളസിദാസ് ഐഎഎസ് എരുമേലിയിലെ നിർദിഷ്‌ട അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ വിവരങ്ങൾ വിശദീകരിച്ചത് ജനങ്ങൾ അതീവ ശ്രദ്ധയോടെയാണ് കേട്ടിരുന്നത്. ആരും ആശങ്കകൾ ഉന്നയിച്ചില്ല. പദ്ധതിയുടെ സാമൂഹിക ആഘാത പഠന കരട് റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ രണ്ട് ഹിയറിങ്ങുകളിൽ ഒട്ടേറെ വിയോജിപ്പുകൾ ഉയർന്നപ്പോൾ തുളസിദാസ് നടത്തിയ വിശദീകരണത്തിൽ ആരും ആക്ഷേപങ്ങൾ ഉന്നയിക്കാഞ്ഞത് ഏറെ ശ്രദ്ധേയമായി.

എന്തിനാണ് ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുനിന്നും ഭൂമി ഏറ്റെടുക്കുന്നത് ? .

കാറ്റിന്റെ ഗതിയും, പ്രദേശത്തെ കുന്നുകളുടെ കിടപ്പും പഠനവിധേയമാക്കിയാണ് റൺവേയുടെ പൊസിഷൻ നിശ്ചയിക്കുന്നത്. പഠനമനുസരിച്ചു ചെറുവള്ളി എസ്റ്റേറ്റിനുള്ളിൽ അനുയോജ്യമായ റൺവെ നിർമിക്കാൻ പറ്റുന്ന ആകെ സ്ഥലം 1895 മീറ്റർ മാത്രമാണ്. ചെറിയ വിമാനങ്ങൾക്ക് മാത്രം ഇറങ്ങുവാൻ പറ്റുന്ന റൺവേ മാത്രമായേ അവിടെ നിർമ്മിക്കുവാൻ സാധിക്കുകയുള്ളു. കുറഞ്ഞത് 3500 മീറ്റർ റൺവേ ലഭിച്ചാലേ വലിയ വിമാനകൾക്കു ഇറങ്ങുവാൻ സാധിക്കുന്ന റൺവേ നിർമ്മിക്കുവാൻ സാധിക്കുകയുള്ളു. അതിനാലാണ് ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുനിന്നും ഭൂമി ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നത് .

എസ്റ്റേറ്റിൽ റൺവെയ്ക്ക് ശേഷം അധികമുള്ള സ്ഥലത്ത് വ്യോമയാന ഇതര റവന്യു വരുമാന മാർഗങ്ങളും കാർ പാർക്കിങ്ങും ഇന്ധന സൗകര്യവും കൺവൻഷൻ സെന്ററും ബാങ്കുകളും വെയർ ഹൗസും അയ്യപ്പ ഭക്തർ അടക്കമുള്ള യാത്രക്കാരുടെ താമസ സൗകര്യങ്ങളും ഉൾപ്പടെ നിരവധി ആവശ്യങ്ങൾക്ക് വിനിയോഗിക്കും.

നഷ്ടപരിഹാര ടെൻഷൻ വേണ്ട.

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം സ്ഥലം സർക്കാരിന് കൊടുക്കുന്നത് മൂലം മറ്റാരും നൽകാത്ത വില മുൻ‌കൂർ ആയി കിട്ടുമെന്നുള്ളതാണ് വലിയ പ്രത്യേകത. സ്ഥലം നൽകുന്നവർക്ക് സാങ്കേതികമല്ലാത്ത ജോലികളിൽ എയർപോർട്ടിൽ മുന്തിയ പരിഗണന നൽകുമെന്ന് തുളസിദാസ് പറഞ്ഞു. നിലവിൽ നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇപ്പോഴും ജോലി കൊടുത്തുകൊണ്ടിരിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിന് സ്ഥലം നൽകിയവർക്കും മികച്ച പാക്കേജ് ആണ് നഷ്ടപരിഹാരമായി കൊടുത്ത്. അതിനാൽ ഏരുമേലിയിലും മികച്ച
നഷ്ടപരിഹാര പാക്കേജായിരിക്കും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു .

തല്ക്കാലം ഡൊമസ്റ്റിക് , പിന്നീട് ഇന്റർനാഷണൽ

കണ്ണൂർ എയർപോർട്ട് മോഡലിൽ, പ്രോജക്ടിന്റെ ആദ്യഘട്ടത്തിൽ വിദേശ വിമാനങ്ങൾക്ക് എരുമേലി എയർപോർട്ടിൽ ഇറങ്ങുവാൻ അനുമതി ലഭിക്കില്ല. ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമാകും വിദേശത്തേക്ക് സർവീസ് നടത്തുവാൻ അനുമതി ലഭിക്കുന്നത്. എയർ ഇന്ത്യ, ഇന്ത്യൻ എയർലൈൻസ്, ഇൻഡിഗോ, എയർ ഏഷ്യ , ഗോ എയർ, സ്‌പൈസ് ജെറ്റ് മുതലായ വിമാനങ്ങൾക്ക് എരുമേലി എയർപോർട്ടിൽ നിന്നും വിദേശ സർവീസുകൾ നടത്തുവാൻ അനുവാദം ലഭിക്കും.

ഇനി അന്തിമ റിപ്പോർട്ട്.

സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് ഇനി വൈകാതെ തയ്യാറാക്കി സമർപ്പിക്കുന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടികളും നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപനവും ഉണ്ടാകുമെന്നും ഇതിന് ശേഷം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ പദ്ധതിയുടെ നിർമാണം തുടങ്ങാനാകുമെന്നും തുളസിദാസ് വ്യക്തമാക്കി. സ്ഥലം ഏറ്റെടുത്ത് കിട്ടിയാൽ മൂന്നര വർഷം കൊണ്ട് വിമാനത്താവള നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!