വന്യമൃഗ ശല്യം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കും : അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ
മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സമീപകാലത്ത് ഉയർന്നുവന്നിരിക്കുന്ന ഏറ്റവും ഗൗരവതരമായ ഒരു ജനകീയ പ്രശ്നമാണ് വന്യമൃഗ ശല്യം. എരുമേലി, കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലായി ഏകദേശം 30 കിലോമീറ്റർ ദൂരം വനമേഖലയും ജനവാസ മേഖലയുമായി അതിർത്തി പങ്കിടുന്നുണ്ട്. ഈ പ്രദേശങ്ങളിലാകെ വന്യമൃഗ ശല്യം അനുദിനം രൂക്ഷമാവുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും കാട്ടാന, കാട്ടുപോത്ത്, പുലി, കാട്ടുപന്നി തുടങ്ങി വിവിധ വന്യമൃഗങ്ങൾ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഗൗരവതരമായ ഈ പ്രശ്നം ചർച്ച ചെയ്യുന്നതിന് പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും, വിവിധ സംഘടന നേതാക്കളുടെയും ഒരു യോഗം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്തു.
യോഗത്തിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.
- ഘട്ടം ഘട്ടമായി നിയോജകമണ്ഡല പരിധിക്കുള്ളിൽ വനമേഖലയും ജനവാസ മേഖലയുമായി തിരിച്ച് പൂർണ്ണമായും സംരക്ഷണവേലികൾ നിർമ്മിക്കുക.
- നിലവിലുള്ള സോളാർ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി അടിയന്തരമായി കാര്യക്ഷമമാക്കുക.
- ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും, ജനങ്ങളും ഉൾപ്പെടുന്ന ജാഗ്രത സമിതികൾ രൂപീകരിച്ച് നിരീക്ഷണവും, പ്രതിരോധവും ശക്തമാക്കുക.
- വനം വകുപ്പിന്റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീമിനെ സജ്ജമാക്കുക.
- വനമേഖലയോട് ചേർന്നുള്ള കാർഷിക മേഖലകളിലുള്ള കാടുകൾ വെട്ടിത്തെളിക്കുക.
മേൽപ്പറഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് വനം വകുപ്പും, ത്രിതല പഞ്ചായത്ത് സംവിധാനവും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് നിശ്ചയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ് , കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ,എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, കോട്ടയം ഡി.എഫ്.ഒ രാജേഷ് ഐ എഫ് എസ്, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ഹരികൃഷ്ണൻ, മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥർ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ , വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.