സാധാരണക്കാർക്കൊപ്പമുണ്ട് വിദ്യാഭ്യാസ വകുപ്പ് : മന്ത്രി വി. ശിവൻകുട്ടി
മുക്കൂട്ടുതറ : മക്കൾക്ക് മെച്ചപ്പെട്ട സ്കൂൾ പഠനം നൽകാൻ സാധാരണ കുടുംബങ്ങൾക്ക് കഴിയാതിരുന്ന പ്രയാസകരമായ സാഹചര്യം ഒഴിവാക്കി ഇടതു സർക്കാർ പുതു ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചൊവ്വാഴ്ച മുട്ടപ്പള്ളി ഗവ. വെൽഫെയർ എൽ പി സ്കൂളിൽ പ്രീ പ്രൈമറി വർണക്കൂടാരം മാതൃകാ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 600 ലധികം സർക്കാർ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഏറ്റവും മെച്ചപ്പെട്ട പഠനവും മികച്ച സൗകര്യങ്ങളുമാണ് പദ്ധതിയിലൂടെ നൽകുന്നത്. കുട്ടികളിൽ അത്യാധുനിക പഠന സൗകര്യങ്ങൾ ഒരുക്കി നൽകുന്ന ഈ പദ്ധതിയിലൂടെ സാധാരണ കുടുംബങ്ങളിലെ മക്കളുടെ വിദ്യാഭ്യാസ ഭാവിയുടെ ഉയർച്ചയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, പഞ്ചായത്ത് അംഗങ്ങളായ എം എസ് സതീഷ്, തങ്കമ്മ ജോർജ്കുട്ടി, മറിയാമ്മ ജോസഫ്, നാസർ പനച്ചി തുടങ്ങിയവർ പ്രസംഗിച്ചു.