എരുമേലിയിലെ മഴക്കെടുതി പ്രദേശങ്ങളിൽ കളക്ടറെത്തി സ്ഥിതിഗതികൾ വിലയിരുത്തി..
എരുമേലി : ജില്ലാ കളക്ടർ വി വിഘ്നേശ്വരി ബുധനാഴ്ച എരുമേലിയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. തുടർച്ചയായി മഴയുണ്ടായാൽ വെള്ളപ്പൊക്കമായി മാറുന്നത് നദികളിലും തോടുകളിലും അടിഞ്ഞുകൂടിക്കിടക്കുന്ന ചെളിയും മണ്ണും മണലും നീക്കം ചെയ്യാത്തതിനാലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തി. ഇവ നീക്കം ചെയ്യുന്നതിന് സാധ്യമായ നടപടികൾ സ്വീകരിക്കാമെന്ന് കളക്ടർ അറിയിച്ചു.
മൂക്കൻപെട്ടി കോസ്‌വേ പാലം സന്ദർശിച്ച കളക്ടർ പാലത്തിന്റെ അടുത്ത് നദിയോട് ചേർന്ന് താമസിക്കുന്ന അഞ്ച് കുടുംബങ്ങളെ കണ്ട് സ്ഥിതി വിവരങ്ങൾ തിരക്കി. സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും ആവശ്യമെങ്കിൽ ഇതിനുള്ള സ്ഥല സൗകര്യം ഒരുക്കാമെന്നും കളക്ടർ ഇവരോട് അറിയിച്ചു. അപകട സാധ്യത നിറഞ്ഞ ഈ സ്ഥലത്ത് നിന്നും ഇവരെ സ്ഥിരമായും സുരക്ഷിതമായും മാറ്റി പാർപ്പിക്കുന്നതിന് ആറ് ലക്ഷം രൂപ സ്ഥലത്തിനും വീട് നിർമിക്കാൻ നാല് ലക്ഷം രൂപയും ഉൾപ്പടെ പത്ത് ലക്ഷം രൂപ അനുവദിക്കുന്ന സർക്കാർ പുനരധിവാസ പദ്ധതിയിൽ ഈ കുടുംബങ്ങളെ ഉൾപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കളക്ടറോട് അഭ്യർത്ഥിച്ചു. ഇക്കാര്യം ജില്ലാ ദുരന്ത നിവാരണ സമിതി മുഖേനെ സർക്കാരിന് ശിപാർശ ആയി നൽകാമെന്ന് കളക്ടർ അറിയിച്ചു. നിലവിൽ 250 കുടുംബങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂക്കൻപെട്ടിയിലെ അഞ്ച് കുടുംബങ്ങളെ കൂടി ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കാമെന്ന് കളക്ടർ പറഞ്ഞു.
കഴിഞ്ഞ ദിവസം വീട്ടമ്മ ഒഴുക്കിൽ പെട്ട എരുത്വാപ്പുഴ മലവേടർ ആദിവാസി കോളനിയിലെ നീർച്ചാൽ ജില്ലാ കളക്ടർ സന്ദർശിച്ചു. പരിക്ക് ഏറ്റ് ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന വീട്ടമ്മ പയ്യാനിക്കൽ മനോജിന്റെ ഭാര്യ സിന്ധുവിനെ കളക്ടർ സന്ദർശിച്ച് അപകടത്തിൽ പെട്ടതിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വീടിന്റെ സൈഡിൽ നിൽക്കുമ്പോൾ സമീപത്തു കൂടി വനത്തിൽ നന്നും ഒഴുകി എത്തുന്ന നീർച്ചാലിലേക്ക് താൻ വീഴുകയായിരുന്നു എന്നും രക്ഷപെടാൻ കയ്യാലയിൽ കയറിയപ്പോൾ കയ്യാല ഇടിഞ്ഞു താൻ താഴെ വീണെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും സിന്ധു പറഞ്ഞു. സിന്ധുവും കുടുംബവും സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കുകയാണെന്നും പ്രദേശത്തെ നീർച്ചാൽ മറ്റ് കുടുംബങ്ങൾക്കും അപകട ഭീഷണിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി കളക്ടറെ അറിയിച്ചു. വനം വകുപ്പ് മുഖേനെ നീർച്ചാലിന്റെ അപകട സാധ്യത പരിഹരിക്കണമെന്ന് കളക്ടർ നിർദേശം നൽകി.
കഴിഞ്ഞ ദിവസം മഴയെ തുടർന്ന് സംരക്ഷണ ഭിത്തി ഇടിഞ്ഞ കരിമ്പിൻതോട് ബൈപാസ് റോഡിലെ പൊരിയന്മല ഭാഗം കളക്ടർ സന്ദർശിച്ചു. കമ്പി ഉപയോഗിക്കാതെ ആണ് ഭിത്തി നിർമിച്ചതെന്നും തകർന്നു വീഴാൻ കാരണം നിർമാണത്തിലെ അപാകതകൾ ആണെന്നും നാട്ടുകാർ പറഞ്ഞു. നിർമാണത്തിൽ അപാകത ഉണ്ടോയെന്ന് പരിശോധിക്കുന്നതിന് നടപടികൾ സ്വീകരിക്കാമെന്ന് കളക്ടർ അറിയിച്ചു. അഞ്ച് കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ബൈപാസിന്റെ ഭാഗമായാണ് സംരക്ഷണ ഭിത്തി നിർമിച്ചത്. വാലുമണ്ണിൽ രാജുവിന്റെ വീടിന്റെ മുന്നിലേക്കാണ് ഭിത്തി തകർന്ന് വീണത്. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ വി വിഘ്നേശ്വരി പറഞ്ഞു.
എരുമേലി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തിയ ജില്ലാ കളക്ടർ മഴയെ തുടർന്നുണ്ടായ സ്ഥിതിഗതികൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി വിലയിരുത്തി ചർച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, വൈസ് പ്രസിഡന്റ് ബിനോയ്, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, ലിസി സജി, കെ ആർ അജേഷ്, പ്രകാശ് പള്ളിക്കൂടം, അനിത സന്തോഷ്, മറിയാമ്മ മാത്തുക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.