കാഞ്ഞിരപ്പള്ളിക്ക് അഭിമാന നിമിഷം.. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന് ഓട്ടോണമസ് അഥവാ സ്വയംഭരണ പദവി ലഭിക്കുന്നു.
കാഞ്ഞിരപ്പള്ളി :അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന് സ്വയംഭരണ പദവി നൽകാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) തീരുമാനിച്ചു. യുജിസി അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ അഞ്ചാമത്തെ എൻജിനീയറിങ് കോളേജായി ഈ കോളേജ് മാറി.
ഈ അധ്യയന വർഷം (2023-24) പ്രാബല്യത്തിൽ വരുന്ന സ്വയംഭരണ പദവി 10 വർഷത്തേക്ക് നിലനിൽക്കും. കാഞ്ഞിരപ്പള്ളിക്കിത് അഭിമാന നിമിഷം..
അടുത്തിടെ നടന്ന യോഗത്തിൽ ഇത് സംബന്ധിച്ച് സ്വയംഭരണ കോളേജുമായി ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശ കമ്മീഷൻ അംഗീകരിച്ചു. അമൽ ജ്യോതിക്ക് അക്കാദമിക് സ്വയംഭരണാവകാശം വിനിയോഗിക്കുന്നതിനായി എപിജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിക്ക് യുജിസി അന്തിമ വിജ്ഞാപനം നൽകി കഴിഞ്ഞു.
സാധാരണ 2018-ലെ യുജിസി ചട്ടങ്ങൾക്കനുസൃതമായി വിദഗ്ധ സമിതികൾ കോളേജുകൾ സന്ദർശിച്ചു വിശദമായ പഠനം നടത്തിയതിനു ശേഷമാണ് കോളേജിന് സ്വയം ഭരണ പദവി നൽകിയിരുന്നത്. എന്നാൽ അമൽ ജ്യോതി കോളേജിന്റെ ദേശീയ തലത്തിലുള്ള നിലവാരത്തിൽ പൂർണ തൃപ്തിയുണ്ടായിരുന്നതിനാൽ അക്കാദമിക് സ്വയംഭരണാവകാശത്തിനായുള്ള കോളേജിന്റെ അപേക്ഷ സ്വീകരിച്ച് യുജിസി ഓട്ടോണമസ് പദവി നൽകുവാൻ തീരുമാനിക്കുകയായിരുന്നു.
അക്കാദമിക്, സാമ്പത്തിക, പൊതു ഭരണപരമായ കാര്യങ്ങളുടെ ശരിയായ മാനേജ്മെന്റ് ഉറപ്പാക്കാൻ ഒരു പരീക്ഷാ സെല്ലും നിയമപരമായ ബോഡികളും രൂപീകരിക്കാൻ കോളേജിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ലെ വ്യവസ്ഥകൾ നടപ്പിലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
2023-24 അധ്യയനവർഷം മുതൽ പത്തു വർഷത്തേക്കാണ് ഈ സമുന്നത പദവി കോളജിനു ലഭിക്കുന്നത്. തുടർന്ന് പരിശോധനകൾക്കുശേഷം പദവി പുതുക്കി നൽകും. ഇതിനായി ഒാട്ടോണമസ് കാലാവധി തീരുന്നതിനു മൂന്നു മാസം മുമ്പ് യുജിസിക്ക് കോളജ് അപേക്ഷ നൽകണം. ഓട്ടോണമസ് കോളജുകൾക്കായുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശിപാർശ കഴിഞ്ഞ 27ന് നടന്ന യുജിസി യോഗമാണ് അംഗീകരിച്ചത്.
ഓട്ടോണമസ് കോളജുകൾക്കുള്ള യുജിസിയുടെ എല്ലാ നിബന്ധനകളും അമൽജ്യോതി എൻജിനിയറിംഗ് കോളജിന് ബാധകമായിരിക്കുമെന്നും യുജിസിയുടെ അറിയിപ്പിൽ പറയുന്നു.
കേരളത്തിലെ പ്രശസ്തമായ അമൽജ്യോതി എൻജിനിയറിംഗ് കോളജ് 2001ലാണ് സ്ഥാപിതമായത്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കോളജിൽ സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി എത്തുന്നുണ്ട്.
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (എഐസിടിഇ) അംഗീകാരവും എൻഎബിഎച്ച് അക്രഡിറ്റേഷനുമുള്ള കോളജിൽ നിലവിൽ 3,162 വിദ്യാർഥികളും 257 അധ്യാപകരും 108 അനധ്യാപകരുമുണ്ട്. യുജി, പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലായി 34 കോഴ്സുകളാണ് കോളജിലുള്ളത്. ബിടെക്, എംസിഎ എന്നിവയാണു പ്രധാന കോഴ്സുകൾ.