മുണ്ടക്കയത്തെ കുടിവെള്ള പദ്ധതിയുടെ ശുദ്ധജല പ്ലാന്റിനുള്ള സ്ഥലം കൈമാറി

മുണ്ടക്കയം : ജലവിഭവവകുപ്പുവിന്റെ ജൽജീവൻ മിഷൻ 178 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മുണ്ടക്കയം-കോരുത്തോട് കുടിവെള്ളപദ്ധതിയുടെ ജലശുദ്ധീകരണ പ്ലാന്റിനുള്ള 63 സെന്റ് സ്ഥലം ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ അധീനതയിലുള്ള വെള്ളനാടി എസ്റ്റേറ്റിൽനിന്നു വിട്ടുനൽകിയതിന്റെ സമ്മതപത്രം കൈമാറി. എസ്റ്റേറ്റ് മാനേജർ ഷിജിൽ നമ്പ്യാർ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖാ ദാസ് എന്നിവർക്കാണ് കൈമാറിയത്.

ബ്ലോക്ക്‌ പ്രസിഡന്റ്‌ അജിതാരതീഷ്, ജില്ലാ പഞ്ചായത്ത്‌ അംഗം പി.ആർ. അനുപമ, ബ്ലോക്ക് അംഗം പി.കെ. പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ദിലീഷ് ദിവാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.വി. അനിൽകുമാർ, ഷിജി ഷാജി, മെമ്പർമാരായ ജോമി തോമസ്, ഷീല ഡോമിനിക്, സെക്രട്ടറി ജോഷി, ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ, എം.ജി.രാജു, പി.എസ്. സുരേന്ദ്രൻ, ചാർലി കോശി, എസ്റ്റേറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മുണ്ടക്കയം മൂരിക്കയത്തു നിർമിക്കുന്ന തടയണയിൽ വെള്ളം ശേഖരിക്കും, അവിടെനിന്നു പമ്പ്ചെയ്ത് പ്ലാന്റിൽ കൊണ്ടുവരുന്ന വെള്ളം ശുദ്ധീകരിച്ച് മുണ്ടക്കയം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ഏഴ് ഓവർഹെഡ് ടാങ്കിലും, കോരുത്തോട് പഞ്ചായത്തിലെ അഞ്ച് ഓവർഹെഡ് ടാങ്കിലും, വെള്ളം സംഭരിക്കും. ഇത് മുണ്ടക്കയം പഞ്ചായത്തിലെ പതിനാറായിരം വീടുകളിലും കോരുത്തോട് പഞ്ചായത്തിലെ 4000 വീടുകളിലും എത്തിക്കും. മണിക്കൂറിൽ മൂന്നുലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് ആണ് വിട്ടുകിട്ടിയ സ്ഥലത്ത് നിർമിക്കുക. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.

error: Content is protected !!