എരുമേലിയിൽ ഭൂമിക്ക് അടിയിൽ നിന്നും ശബ്ദം; കുഴൽ കിണറിൽ തിരയിളക്കം.
എരുമേലി : ചേനപ്പാടിക്ക് പിന്നാലെ എരുമേലിയിലും ഭൂമിക്ക് അടിയിൽ നിന്നും ശബ്ദം. എരുമേലി ടൗണിന് സമീപം വാഴക്കാല പാണാശേരിയിൽ സുലൈമാന്റെ വീടിന്റെ മുറ്റത്തെ കുഴൽ കിണറ്റിനുള്ളിൽ നിന്നുമാണ് വെള്ളം തിളച്ചു മറിയുന്നതുപോലെ തുടർച്ചയായി ശബ്ദം കേൾക്കുന്നത്. ഉറവ പൊട്ടുന്നതാണ് എന്ന് കരുതിയെങ്കിലും ശബ്ദം കൂടി വന്നതോടെ കിണറ്റിലേയ്ക്ക് ടോർച് അടിച്ചു നോക്കിയപ്പോൾ വെള്ളം തിളച്ചു മറിയുന്നതുപോലെ കറങ്ങുന്ന കാഴ്ചയാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടു ദിവസമായി ഉണ്ടായിരുന്ന ശബ്ദം ഇന്നലെ ഉച്ചയോടെ നിന്നു.
രണ്ട് വർഷം മുമ്പ് ഇതേ അനുഭവം ഈ കുഴൽ കിണറിൽ നിന്നുണ്ടായിരുന്നെന്ന് സുലൈമാൻ പറഞ്ഞു. അന്നും രണ്ട് ദിവസത്തിന് ശേഷം ശബ്ദം നിലച്ചു. ഇത് എന്ത് പ്രതിഭാസമാണെന്ന വിസ്മയത്തിലാണ് നാട്ടുകാർ. വിവരം ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുമെന്ന് വാർഡ് അംഗം ജെസ്‌ന നജീബ് പറഞ്ഞു. കഴിഞ്ഞയിടെ ചേനപ്പാടിയിലും പരിസരങ്ങളിലും ഭൂമിക്കടിയിൽ നിന്ന് മുഴക്കങ്ങളും പ്രകമ്പനങ്ങളും അനുഭവപ്പെട്ടിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യത്തിൽ പഠനം നടത്തിയ ശേഷം കഴിഞ്ഞ ദിവസം റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. ഭൗമാന്തർ ഭാഗത്തെ ചെറിയ ചലനം ആണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് റിപ്പോർട്ട് നൽകിയത്.