പോപ്പച്ചന് നന്ദി.. മന്ത്രി റിയാസിന്റെ ഇടപെടലിൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ കവലയിലെ വെള്ളകെട്ടിന് പരിഹാരമായി..
കാഞ്ഞിരപ്പള്ളി : ഒരു കനത്ത മഴ പെയ്താൽ കുരിശുങ്കൽ കവല വെള്ളത്തിലാകും.. റോഡ് തോടാകും..പല കടകളിലും വെള്ളം കയറും.. ഇതിനൊരു പരിഹാരം വേണമെന്ന ആവശ്യവുമായി പ്രദേശവാസികളും കടക്കാരും അധികാരികളുടെ അടുത്ത് പരാതികൾ നൽകുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി.. നാൽപത് വർഷങ്ങൾക്ക് മുൻപ് പണിത ഓട നാളിതുവരെ വൃത്തിയാക്കാത്തതിനാൽ, മാലിന്യങ്ങൾ നിറഞ്ഞു വെള്ളം ഒഴുകുവാൻ സാധിക്കാതെ പുറത്തേക്ക് ഒഴുകുന്നതായിരുന്നു വെള്ളക്കെട്ട് ഉണ്ടാകുവാനുള്ള കാരണം..
ഒരു വർഷം മുൻപ് പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് ഓൺലൈൻ ഫോൺ ഇൻ പ്രോഗ്രാമിലൂടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ പരാതികൾ സ്വീകരിക്കുന്ന സമയത്ത് കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ പോപ്പച്ചൻ (പോൾ പേഴത്തുവയലിൽ) ഫോണിൽ മന്ത്രിയെ ബന്ധപ്പെട്ട് പ്രശ്നങ്ങൾ വിശദീകരിച്ചു.
പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയ മന്ത്രി, അപ്പോൾ തന്നെ താലൂക്ക് ഓഫിസിലേക്ക് ഫോൺ വിളിച്ച് കാര്യങ്ങൾ തിരക്കുകയും അടിയന്തിരമായി പ്രശ്നം പരിഹരിക്കുവാൻ ഓർഡർ ഇടുകയും ചെയ്തു.
കഴിഞ്ഞ ജൂൺ 15 നകം പണികൾ ആരംഭിക്കണമെന്ന് മന്ത്രി റിയാസ് ഉത്തരവ് നൽകിയിരുന്നു. മന്ത്രിയുടെ ഉത്തരവിൻ പ്രകാരം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഓടകൾ വൃത്തിയാക്കി പുനർ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.
കുരിശു കവലയിൽ നിന്ന് ആരംഭിച്ച് ഹിൽടോപ്പ് റോഡ് വരെയാണ് ഓടകൾ പുതുക്കി നിർമ്മിച്ച് സ്ലാബുകൾ ഇടുക. ഈ സ്ലാബുകൾക്ക് മുകളിൽ ഫുട്പാത്ത് നിർമ്മിച്ച് ഇന്റർലോക്ക് ഇടുന്നതിനായി പണികൾ ദൃതഗതിയിൽ നടക്കുകയാണ്.
ഓടകൾ പുതുക്കി നിർമ്മിക്കുന്നതിനായി 25 ലക്ഷം രൂപയോളം ചെലവാകും. 40 വർഷത്തിന് മുമ്പ് നിർമ്മിച്ച ഓടകൾ മാലിന്യങ്ങൾ നിറഞ്ഞ് മൂടി പോയിരുന്നു.ഇത് മൂലം ദേശീയപാതയിലൂടെ മഴക്കാലത്ത് നടക്കാനാവാത്ത സ്ഥിതിയായി.റോഡിലൂടെ മഴ സമയത്ത് തോടുപോലെ ജലം ഒഴുകുകയായിരുന്നു.മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലിലൂടെ ഇതിന് ശാശ്വത പരിഹാരം ആയതിൽ യാത്രക്കാരും, വ്യാപാരികളും ഏറെ സംതൃപ്തരാണ്.
അതിന് മുൻകൈ എടുത്ത പോപ്പച്ചന് ഇപ്പോൾ അഭിനന്ദന പ്രവഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.