ഹെൽമെറ്റ് നിയമ ലംഘനത്തിന്റെ നോട്ടീസ് ഉപകാരമായി; ഒന്നര വർഷം മുൻപ് മോഷ്ടിക്കപ്പെട്ട സ്‌കൂട്ടർ കണ്ടെത്തി..മോഷ്ട്ടാവിനെ കൈയോടെ പൊക്കി..

കാഞ്ഞിരപ്പള്ളി : ഹെൽമെറ്റ് ധരിക്കാത്തതിന് പോലീസിന്റെ പിഴ നോട്ടീസ് തപാലിൽ വീട്ടിൽ കിട്ടുമ്പോൾ, ഭൂരിഭാഗം ആളുകളും പോലീസിനെ മനസ്സിലെങ്കിലും തെറിവിളിക്കാറുണ്ട് . എന്നാൽ കാഞ്ഞിരപ്പള്ളി മോർ സൂപ്പർമാർക്കറ്റിലെ ജോലിക്കാരൻ ആയ പള്ളിക്കത്തോട് സ്വദേശി വിഷ്ണുവിന്റെ കാര്യം തിരിച്ചാണ്. പോലീസിന്റെ പിഴ നോട്ടീസ് വീട്ടിൽ കിട്ടിയപ്പോൾ, വിഷ്ണുവിന് വളരെയധികം സന്തോഷിയ്ക്കുവാനുള്ള വകയാണ് അതിനുള്ളിൽ ഉണ്ടായിരുന്നത് . പിഴ നോട്ടീസ് കൃത്യമായി ഉടമസ്ഥനെ ഏൽപ്പിച്ചതിന് പോലീസിനെ മനസ്സിൽ നന്ദിപറയുകയാണ് വിഷ്‌ണു ആദ്യമായി ചെയ്തത് .

ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ചുവെന്ന കുറ്റത്തിന് ബൈക്കിന്റെയും ഓടിക്കുന്നയാളിന്റെയും തെളിച്ചമുള്ള ഫോട്ടോയും ഫൈൻ അടക്കുവാനുള്ള നോട്ടീസും ഉടമസ്ഥനായ വിഷ്ണുവിന് വീട്ടിൽ തപാലിൽ ‌ കിട്ടിയപ്പോൾ ആദ്യം ഒന്ന് പരിഭ്രമിച്ചുവെങ്കിലും, പെട്ടെന്ന് അത് ആഹ്ലദമായി മാറി. ഒന്നര വർഷം മുൻപ് കാഞ്ഞിരപ്പള്ളിയിൽ നിന്നും മോഷണം പോയ സ്‌കൂട്ടറും മോഷ്ട്ടാവിനെയുമാണ് ഫോട്ടോയിൽ കണ്ടത്. ഉടൻ തന്നെ, വിവരം കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും, ഫോട്ടോയിൽ പതിഞ്ഞ മോഷ്ട്ടാവിനെ കൈയോടെ പൊക്കുകയും, സ്‌കൂട്ടർ കണ്ടെത്തി പോലീസ് വിഷ്ണുവിന് തിരികെ കൊടുക്കുകയും ചെയ്തു.

കാഞ്ഞിരപ്പള്ളി മോർ സൂപ്പർമാർക്കറ്റിൽ ജോലിക്കാരൻ ആയ പള്ളിക്കത്തോട് സ്വദേശി വിഷ്ണുവിന്റെ സ്കൂട്ടറാണ് കൊരട്ടി ആലമ്പരപ്പ് കോളനിയിൽ ഇല്ലിക്കൽ ആദർശ് പ്രസാദ് -(20) മോഷ്ടിച്ച് കടത്തിയത്. ഒന്നര വർഷത്തോളമായി ഒളിച്ചു വെച്ചിരുന്ന സ്കൂട്ടറിൽ ഹെൽമറ്റ് ഇല്ലാതെ പോകവേ ക്യാമറയിൽ പതിഞ്ഞതോടെയാണ് പ്രതിയെ പിടികൂടാൻ ആയത്. മൂന്നു ദിവസങ്ങൾക്ക് മുമ്പ് ഉടമയായ വിഷ്ണുവിന് ഹെൽമെറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിച്ചതിന് പിഴ അടയ്ക്കാൻ നോട്ടീസ് വന്നിരുന്നു.ഇതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ വാഹന ഉടമ നോട്ടീസുമായി എത്തുകയും ,ഈ വാഹനം ഒന്നരവർഷം മുമ്പ് മോഷണം പോയ തന്റെ സ്കൂട്ടർ ആണെന്നും അന്ന് പരാതി നൽകിയെങ്കിലും സ്കൂട്ടർ കണ്ടെത്താൻ അന്വേഷണത്തിൽ കഴിഞ്ഞില്ല എന്ന വിവരവും അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ തെരഞ്ഞ് പോലീസ് കണ്ടെത്തിയത്.

വാഹനം നഷ്ടപ്പെട്ടത് മുതൽ പല അമ്പലങ്ങളിലും നേർച്ച കാഴ്ചകൾ സമർപ്പിച്ച് വാഹന തിരികെ കിട്ടാനായി പ്രാർത്ഥിച്ചിരുന്നു. വാഹനം വാങ്ങി ആറുമാസം മാത്രം ഉപയോഗിച്ച കെ.എൽ. 5 – 2907 ആക്ടീവ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. 2022 ഫെബ്രുവരി – 24 – നാണ് കാഞ്ഞിരപ്പള്ളി കുരിശിങ്കൽ മോർ സൂപ്പർമാർക്കറ്റിനു മുമ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ചത്. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ആദർശിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

error: Content is protected !!