മോണ്‍. ജോസഫ് കല്ലറയ്ക്കലിന്റെ മെത്രാഭിഷേകം ജൂലൈ 16ന്
കാഞ്ഞിരപ്പള്ളി : ജയ്പൂര്‍ രൂപതയുടെ ദ്വിതീയ മെത്രാനായി കാഞ്ഞിരപ്പള്ളി രൂപതയില്‍ ഇടുക്കി ജില്ലയിലുള്ള ആനവിലാസം ഇടവകാംഗമായ മോണ്‍. ജോസഫ് കല്ലറയ്ക്കല്‍ ജൂലൈ 16 ഞായറാഴ്ച അഭിഷിക്തനാകും. ഔവര്‍ ലേഡി ഓഫ് അനന്‍സിയേഷന്‍ കത്തീഡ്രലില്‍ രാവിലെ 9. 30 ന് ആരംഭിക്കുന്ന മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കു ബോംബെ അതിരൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികത്വം വഹിക്കും.ആഗ്ര അതിരൂപത ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. റാഫി മഞ്ഞളി, ജയ്പൂര്‍ രൂപതാധ്യക്ഷനായിരുന്ന മോസ്റ്റ് റവ. ഡോ. ഓസ്വാള്‍ഡ് ലൂയിസ് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സീറോ മലബാര്‍ സഭാ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, സഹോദരന്‍ ഫാ. മാത്യു കല്ലറയ്ക്കല്‍, വൈദികരും സന്യാസികളുമുള്‍പ്പെടുന്ന വിശ്വാസിസമൂഹ പ്രതിനിധികള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ മാതൃരൂപതയായ കാഞ്ഞിരപ്പള്ളി രൂപതയെ പ്രതിനിധീകരിച്ച് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ജയ്പുര്‍ രൂപതയുടെ അജപാലന ശുശ്രൂഷയില്‍ നിന്ന് ബിഷപ് മോസ്റ്റ് റവ. ഓസ്വാള്‍ഡ് ലൂയിസ് വിരമിച്ചതിനെ തുടര്‍ന്നാണ് ഫാ. ജോസഫ് കല്ലറയ്ക്കലിനെ ജയ്പൂര്‍ മെത്രാനായി ഏപ്രില്‍ 22 ന് മാര്‍ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത്. 2005-ലാണ് ജയ്പൂര്‍ രൂപത അജ്മീര്‍ രൂപതയില്‍ നിന്നും രൂപം കൊണ്ടത്. ജയ്പൂര്‍ മുതല്‍ ഗംഗാനഗര്‍ വരെ 12 ജില്ലകളുള്‍ക്കൊള്ളുന്ന രൂപതയില്‍ 30 ഇടവകകളിലായി നിരവധി വൈദികരും സന്യസ്തരും സേവനമനുഷ്ഠിക്കുന്നു.
1964 ഡിസംബര്‍ 10ന് ആനവിലാസം ഗ്രാമത്തില്‍ കല്ലറയ്ക്കല്‍ ജോസഫ് – ത്രേസ്യാ ദമ്പതികളുടെ നാലാമത്തെ മകനായി ജനിച്ച ഫാ. ജോസഫ് കല്ലറക്കലിന്റെ സ്‌കൂള്‍, പ്രീഡിഗ്രി വിദ്യാഭ്യാസം ആനവിലാസം, മുരിക്കടി, വെള്ളാരംകുന്ന് എന്നിവിടങ്ങളിലായിരുന്നു. 1987 ല്‍ അജ്മീര്‍ രൂപതയില്‍ ചേരുകയും സെന്റ് തെരേസ മൈനര്‍ സെമിനാരിയില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. അലഹബാദ് സെന്റ് ജോസഫ് റീജിയണല്‍ സെമിനാരിയില്‍ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തീകരിച്ച അദ്ദേഹം 1997 ജനുവരി 2ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു വട്ടക്കുഴിയില്‍ നിന്നു സഹോദരനായ ഫാ. മാത്യു കല്ലറയ്ക്കലിനും ഇടവകാംഗമായ ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കലിനുമൊപ്പം പൗരോഹിത്യം സ്വീകരിച്ചു. അലഹബാദ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം അജ്മീറിലെ എംഡിഎസ് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഗോവയിലെ പോണ്ട, ജിവിഎംഎസില്‍ നിന്ന് എഡ്യൂക്കേഷനില്‍ ബിരുദവും നേടി. അജ്മീറിലെ സെന്റ് തെരേസാസ് മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടറര്‍, വിവിധ ഇടവകകളില്‍ വികാരി, സ്‌കൂളുകളുടെ മാനേജര്‍, പ്രിന്‍സിപ്പല്‍, മൈനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ ശുശ്രൂഷ നിര്‍വഹിച്ച അദ്ദേഹം അജ്മീറിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി രൂപത കൊല്ലമുള പള്ളി വികാരി ഫാ. മാത്യു കല്ലറയ്ക്കല്‍, കാഞ്ഞിരപ്പള്ളി ആരാധന സന്യാസിനി സമൂഹാംഗം സി. ജസ്മരിയ (ജര്‍മ്മനി), ഏലിയാമ്മ, കുട്ടിയമ്മ, ദേവസ്യ, കുര്യന്‍, തോമസ് മാത്യു (അധ്യാപകന്‍, എസ്. എസ്. പി. എച്ച്. എസ്. എസ്. പുറ്റടി) എന്നിവരാണ് സഹോദരങ്ങള്‍.