മാർ ജോസഫ് കല്ലറയ്ക്കൽ അഭിഷിക്തനായി.. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് അഭിമാനം..
ജയ്പൂർ രൂപതയുടെ ദ്വിതീയ മെത്രാനായി മാർ ജോസഫ് കല്ലറയ്ക്കല്‍ അഭിഷിക്തനായി. ഔവര്‍ ലേഡി ഓഫ് അനന്‍സിയേഷന്‍ കത്തീഡ്രലില്‍ ( ഞായർ, ജൂലൈ 16) രാവിലെ 9. 30 ന് ആരംഭിച്ച മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കു ബോംബെ അതിരൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികത്വം വഹിച്ചു.ആഗ്ര അതിരൂപത ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. റാഫി മഞ്ഞളി, ജയ്പൂര്‍ രൂപതാധ്യക്ഷനായിരുന്ന മോസ്റ്റ് റവ. ഡോ. ഓസ്വാള്‍ഡ് ലൂയിസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലെയോ പോൾദോ ജറല്ലി, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കൽ എന്നിവർ മെത്രാഭിഷേക കർമ്മങ്ങളിൽ പങ്കു ചേർന്നു.
കാഞ്ഞിരപ്പള്ളി രൂപതയിലെ ആനവിലാസം ഇടവകാംഗമായ മാർ ജോസഫ് കല്ലറയ്ക്കൽ അജ്മീർ – ജയ്പൂർ രൂപതകളിൽ വിവിധ തലങ്ങളിലായി അജപാലന ശുശ്രൂഷ നിർവ്വഹിച്ചിട്ടുണ്ട്. ജയ്പുര്‍ രൂപതയുടെ അജപാലന ശുശ്രൂഷയില്‍ നിന്ന് ബിഷപ് മോസ്റ്റ് റവ. ഓസ്വാള്‍ഡ് ലൂയിസ് വിരമിച്ചതിനെ തുടര്‍ന്നാണ് ഫാ. ജോസഫ് കല്ലറയ്ക്കലിനെ ജയ്പൂര്‍ മെത്രാനായി ഏപ്രില്‍ 22 ന് മാര്‍ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത്.
ഡൽഹി ആർച്ച് ബിഷപ്പ് റൈറ്റ് റവ. ഡോ. അനിൽ കൂട്ടോ, സീറോ മലബാര്‍ സഭാ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍,ബിജ്നോർ ബിഷപ്പ് മാർ വിൻസെന്റ് നെല്ലായി പറമ്പിൽ, മാർ ജോൺ വടക്കേൽ , ഗോരഖ്പൂർ മെത്രാൻ മാർ തോമസ് തുരുത്തിമറ്റം, രാജ് കോട്ട് മെത്രാൻ മാർ ജോസഫ് തൈക്കാട്ടിൽ, ഷംഷാബാദ് സഹായ മെത്രാൻമാരായ മാർ ജോസഫ് കൊല്ലംപറമ്പിൽ,മാർ തോമസ് പാടിയത്ത്, അജ്മീർ – ജയ്പൂർ സമീപ രൂപതകളിലെ ബിഷപ്പുമാരായ റവ.ഡോ. ആൽബർട്ട് ഡിസൂസ, റവ.ഡോ. ഇഗ്നേഷ്യസ് മെനേസിസ്, റവ.ഡോ. പീറ്റർ പറപ്പുള്ളിൽ, റവ.ഡോ. ദേവപ്രസാദ് ഗണവ, റവ.ഡോ. യൂജിൻ ജോസഫ്, റവ.ഡോ ചാക്കോ തോട്ടുമാരിക്കൽ, റവ.ഡോ. ജോസഫ് തൈക്കാട്ടിൽ, റവ.ഡോ. വലേറിയൻ പിന്റോ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ , മാർ ജോസഫ് കല്ലറയ്ക്കലിന്റെ സഹോദരൻ ഫാ. മാത്യു കല്ലറയ്ക്കൽ,രാജസ്ഥാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പ്രതാപ് സിംഗ് , ഭൂഗർഭ ജല വിഭവ മന്ത്രി മഹേഷ് ജോഷി, ജയ്പൂർ ജില്ലാ കളക്ടർ പ്രകാശ് പുരോഹിത്, പോലീസ് മേധാവി ആനന്ദ് ശ്രീവാസ്തവ തുടങ്ങി സാമൂഹിക രാഷ്ട്രീയ ഉദ്യോഗസ്ഥ രംഗങ്ങളിൽ നിന്നുള്ളവർക്കൊപ്പം വൈദികരും സന്യസ്തരും ഉൾപ്പെടുന്ന വിശ്വാസി സമൂഹം മെത്രാഭിഷേക കർമ്മങ്ങൾക്ക് സാക്ഷിയായി.
മെത്രാഭിഷേക കർമ്മങ്ങൾക്ക് ശേഷം നടത്തപ്പെട്ട സാംസ്കാരിക സമ്മേളനത്തിൽ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജില്ലി, മാർ ജോസ് പുളിക്കൽ , അജ്മീർ മെത്രാൻ റവ.ഡോ. പയസ് ഡിസൂസ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.