ക്ഷീര കര്‍ഷകരെ നെഞ്ചോട് ചേര്‍ത്ത്
മലനാട് മില്‍ക്ക്
പാറത്തോട്: നാടിന് അന്നം നല്‍കുവാന്‍ പാലിന് പുറമെ മറ്റ് കാര്‍ഷിക ഉത്പന്നങ്ങള്‍ കൂടി ലഭ്യമാക്കുവാനാണ് മലനാട് ശ്രമിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍. മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും ഫാ. മാത്യു വടക്കേമുറിയില്‍ മെമ്മോറിയല്‍ അവാര്‍ഡുകളും വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരകര്‍ഷകരെ നെഞ്ചോട് ചേര്‍ത്ത് അവരുടെ ഉന്നമനത്തിനായി മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി യോഗത്തില്‍ അധ്യക്ഷതവഹിച്ച ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷീര കര്‍ഷക അവാര്‍ഡുകളുടെ എണ്ണവും അവാര്‍ഡ് തുകയും ഈ വര്‍ഷം മുതല്‍ വര്‍ധിപ്പിക്കും. മികച്ച ക്ഷീര കര്‍ഷകന് ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 75000 രൂപയും മൂന്നാം സമ്മാനമായി 50,000 രൂപയും നല്‍കും. കൂടാതെ 10 വരെ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 10,000 രൂപ വീതവും നല്‍കും. ക്യാറ്റില്‍ പോപ്പുലേഷന്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടി കന്നുകുട്ടി പരിപാലന പദ്ധതി നടപ്പിലാക്കും. കന്നുകാലികളുടെ പരിരക്ഷ ഉറപ്പാക്കുന്നതിന് പങ്കാളിത്താധിഷ്ഠിത ക്യാറ്റില്‍ ഇന്‍ഷ്വറന്‍സ് പദ്ധതിക്കും രൂപം നല്‍കും. ഈ വര്‍ഷം മുതല്‍ എസ്എസ്എല്‍സി കൂടാതെ പ്ലസ്ടുവിന് എ പ്ലസ് നേടുന്ന വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നതിന് തീരുമാനിച്ചതായും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ജയകുമാര്‍ മന്നത്ത്, ബേബി സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍, സാജന്‍ എബ്രാഹം, ജോസഫ് ദേവസ്യ മല്ലികശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഈ വര്‍ഷത്തെ മികച്ച ക്ഷീര കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചറ കണയാങ്കല്‍ റീജ ബിന്‍സിനും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ക്ഷീര കര്‍ഷകരുടെ മക്കള്‍ക്കും യോഗത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.