കാഞ്ഞിരപ്പള്ളി രൂപത പള്ളി ശുശ്രൂഷി സംഗമം നടന്നു.
കാഞ്ഞിരപ്പള്ളി: നാമോരോരുത്തരും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവിടുന്ന് നിശ്ചയിക്കുന്ന ശുശ്രൂഷയിലൂടെ അവിടുത്തെ മഹത്വപ്പെടുത്തുവാന്‍ നമുക്ക് കടമയുണ്ടെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള പള്ളി ശുശ്രൂഷികളുടെ സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദൈവാരാധനയ്ക്കായി ദൈവജനത്തെ സഹായിക്കുന്നവരെന്ന നിലയില്‍ ശ്രേഷ്ഠമായ ശുശ്രൂഷ നിര്‍വ്വഹിക്കുന്ന പള്ളി ശുശ്രൂഷികളുടെ മാതൃക പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രൂപതാ ബൈബിള്‍ അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ റവ.ഡോ. ആന്റണി ചെല്ലന്തറ നയിച്ച പ്രാര്‍ത്ഥനാശുശ്രൂഷയെ തുടര്‍ന്ന് രൂപതാ മൈനര്‍ സെമിനാരി റെക്ടര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ ക്ലാസ്സ് നയിച്ചു. രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം സന്ദേശം നല്‍കി ചര്‍ച്ച നയിച്ചു.
ചെങ്കല്‍ ഇടവകയില്‍ 73 വര്‍ഷമായി ശുശ്രൂഷ നിര്‍വ്വഹിക്കുന്ന രൂപതയിലെ ഏറ്റവും മുതിര്‍ന്ന പള്ളി ശുശ്രൂഷി എം.റ്റി.മാത്യു മൈലക്കാവുങ്കല്‍, ശുശ്രൂഷയുടെ സുവര്‍ണ്ണ-രജത ജൂബിലി ആഘോഷിച്ച ഇ.പി.ജോസഫ് ഇരുമ്പുകുത്തിയില്‍ ഇളങ്ങുളം, ചാക്കോച്ചന്‍ വെച്ചുപടിഞ്ഞാറേതില്‍ കോരുത്തോട്, കുര്യന്‍ പരിതേപതിയില്‍ പഴയകൊരട്ടി, ചാക്കോ കൂടപ്പുഴ കറിക്കാട്ടൂര്‍, ജയിംസ് തടത്തില്‍ ചേമ്പളം, തങ്കച്ചന്‍ മലക്കിയില്‍ ആനിക്കാട്, ജോര്‍ജ് കൈപ്പടാകരില്‍ എയ്ഞ്ചല്‍വാലി, ജോണ്‍ നടുവിലേത്തറയില്‍ ആനക്കല്‍, തോമസ് പുത്തന്‍പുരയ്ക്കല്‍ തച്ചപ്പുഴ എന്നിവരെ ആദരിച്ചു. ക്രമീകരണങ്ങള്‍ക്ക് രൂപതാ പാസ്റ്ററല്‍ ആനിമേഷന്‍ ഓഫീസ് നേതൃത്വം നല്‍കി.