ഉമ്മിക്കുപ്പ സ്കൂളിന് ലാപ്ടോപ്പ് നൽകി.
എരുമേലി : എംഎൽഎ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചത് പ്രകാരം ഉമ്മിക്കുപ്പ സെന്റ് മേരീസ് ഹൈസ്കൂളിന് രണ്ട് ലാപ്ടോപ്പുകൾ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ലാപ്ടോപ്പുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് നിസാ ജോണിന് കൈമാറി.
ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. തോമസ് പാലക്കൽ, ഗ്രാമപഞ്ചായത്ത് അംഗം ജിജി മോൾ സജി , പി.ടി. എ പ്രസിഡന്റ് അജിത് റ്റി. നായർ, അധ്യാപകരായ സിജോ എബ്രഹാം, ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വച്ച് ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ നേടിയ നൂറ് ശതമാനം വിജയത്തിന് എംഎൽഎ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡും സ്കൂളിന് സമ്മാനിച്ചു. കൂടാതെ, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 18 കുട്ടികൾക്ക് പ്രത്യേക ആദരവ് നൽകി.
കഴിഞ്ഞ അധ്യയന വർഷം വിവിധ പാഠ്യപാഠ്യേതര രംഗങ്ങളിൽ സംസ്ഥാന തലങ്ങളിൽ അടക്കം ജേതാക്കളായ വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സ്കൂളിന് ബോയ്സ് ടോയ്‌ലറ്റ് അനുവദിക്കണമെന്ന സ്കൂൾ മാനേജർ നൽകിയ നിവേദനം പരിഗണിച്ച് ബോയ്സ് ടോയ്‌ലറ്റ് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.