കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനുവേണ്ടി സ്ഥലം അനുവദിച്ചു 

കാഞ്ഞിരപ്പള്ളി ! :: ഫയര്‍ സ്‌റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം അനുവദിച്ച് ഉത്തരവായി.

ഫയര്‍ സ്റ്റേഷന്‍ തുടക്കകാലം മുതല്‍ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമല സീസണ്‍ ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സിന്റെ സേവനം അത്യന്താപേക്ഷിതമായ പ്രദേശമാണ്. സ്വന്തമായി കെട്ടിടം എന്നത് ദീര്‍ഘകാല ആവശ്യമായിരുന്നു. ജലലഭ്യതയുള്ളതും കെട്ടിടനിര്‍മ്മാണത്തിന് അനുയോജ്യവുമായ സ്ഥലം കണ്ടെത്തുന്നതിന് വ്യാപകമായ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി മണിമല റോഡില്‍ മണ്ണാറക്കയം ഭാഗത്ത് റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം ഒഴിവാക്കി ബാക്കി വരുന്ന 17.70 സെന്റ് സ്ഥലം കണ്ടെത്തുകയും റവന്യൂ വകുപ്പിന്റെ അനുമതിക്ക് എം എല്‍ എ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് റവന്യൂമന്ത്രിക്ക് നിവേദനവും നിയമസഭയില്‍ സബ്മിഷനും അവതരിപ്പിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ സ്ഥലം അനുവദിച്ചുകൊണ്ട് കോട്ടയം ജില്ലാ കളക്ടറുടെ അന്തിമ ഉത്തരവ് ലഭിച്ചിരിക്കുകയാണ്.

ഈ സ്ഥലത്ത് ആവശ്യമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് സംസ്ഥാന ബജറ്റ് തുകയോ എം എല്‍ എ ഫണ്ടോ അനുവദിക്കുന്നതിനുള്ള തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും എത്രയും വേഗം പുതിയ കെട്ടിടം പണിത് കാഞ്ഞിരപ്പള്ളിയില്‍ തന്നെ ഫയര്‍ സ്റ്റേഷന്‍ നിലനിര്‍ത്തുന്നതിന് നടപടിയാകുമെന്നും ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു.

error: Content is protected !!