വന്യമൃഗങ്ങളെ തടയുവാൻ സൗരോർജവേലി സ്ഥാപിക്കുന്നു.
എരുമേലി. കാട്ടാനകൾ അടക്കം വന്യമൃഗശല്ല്യം രൂക്ഷമായ മേഖലകളിൽ സൗരോർജ വേലികളുടെ പുനസ്ഥാപിക്കൽ തുടങ്ങിയെന്ന് വനം വകുപ്പ്. ആനകൾ തകർത്തും കാട് മൂടിയും വേലികൾ മിക്കയിടത്തും തകർന്ന നിലയിലായിരുന്നു. മൂക്കൻപെട്ടി, അരുവിക്കൽ, പത്തേക്കാർ, കണ്ണിമല, തുടങ്ങി 26 സ്ഥലങ്ങളിലാണ് സൗറോർജ വേലികൾ അറ്റകുറ്റപ്പണികൾ തീർത്തും പുതുതായി സ്ഥാപിക്കുകയും ചെയ്യുന്നത് . രാപകൽ ഭേദമന്യേ ഈ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു. ഫണ്ടിന്റെ കുറവ് മൂലമാണ് കിടങ്ങുകൾ നിർമിക്കാത്തതെന്നും ഒരു കിലോമീറ്റർ കിടങ്ങു നിർമിക്കാൻ 20 ലക്ഷം രൂപയോളം ചെലവ് വരുമെന്നും എന്നാൽ ഇത്രയും ദൂരം സൗരോർജ വേലിക്ക് മൂന്ന് ലക്ഷം രൂപ മതിയെന്നും വനം വകുപ്പ് പറയുന്നു. കണ്ണിമല മേഖലയിൽ 1.1 കിലോമീറ്റർ ദൂരമാണ് സൗരോർജ വേലി നിർമിക്കുന്നത്.
കണ്ണിമലയിൽ സൗരോർജ വേലിയുടെ നിർമാണ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
വേലികളുടെ അറ്റകുറ്റപ്പണികൾക്ക് ജാഗ്രതാ സമതികൾ രൂപീകരിക്കുമെന്നും സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് മെമ്പർ പി. കെ പ്രദീപ്, വാർഡ് മെമ്പർ ബിൻസി മാനുവൽ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ, പൊതുപ്രവർത്തകരായ തോമസ് പാലൂക്കുന്നേൽ, അജി വെട്ടുകല്ലാം കുഴി, തങ്കച്ചൻ കാരക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.