പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ  10.5 ലക്ഷം രൂപ വകയിരുത്തിയ പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 4.5 മീറ്റർ വീതിയിൽ 120 മീറ്റർ നീളത്തിലുള്ള  റോഡ് കോൺക്രീറ്റിങ്ങാണ് ഈ ഘട്ടത്തിൽ നടത്തുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 15 -ാം തീയതി വരെ ഈ റോഡിലൂടെയുള്ള എല്ലാ വാഹന ഗതാഗതവും നിരോധിച്ചതായി  പ്രസിഡന്റ് കെ.ആർ.തങ്കപ്പനും വാർഡ് മെമ്പർ പി. എ.ഷെമീറും അറിയിച്ചു.

ദേശീയ പാത183 ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ നിന്നാരംഭിച്ച്  കെ.എം.എ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെയുള്ള 500 മീറ്റർ  റോഡാണ് മൂന്ന് ഘട്ടമായി നവീകരിച്ച് നിർമ്മിക്കുന്നത്. ആദ്യ  ഘട്ടത്തിൽ 225 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി നിർമ്മാണവും,റോഡ് മണ്ണിട്ട് ഉയർത്തലും 3.90 മീറ്റർ വീതിയിൽ 111.5 മീറ്റർ നീളത്തിൽ റോഡ് കോൺക്രീറ്റിങ്ങും 50 മീറ്റർ നീളത്തിൽ ഇന്റർ ലോക്ക് പാകലും പൂർത്തീകരിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ടാറിങ്ങും കൈവരിയും  ഓട നിർമ്മാണവും നടത്തി  സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും വാർഡ് മെമ്പർ പി.എ.ഷെമീർ അറിയിച്ചു.

രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്തംഗം പി.എ.ഷെമീറിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ.ആർ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.

error: Content is protected !!