ശബരി ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് : പ്രത്യേക നഷ്ടപരിഹാര പാക്കേജിനുള്ള ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് ഡോ.എന്‍.ജയരാജ് എംഎൽഎ.

ശബരി ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിർമ്മിക്കുമ്പോൾ, നഷ്ടപരിഹാരം കണക്കിലാക്കുന്നതില്‍ പ്രത്യേക പരിഗണന നല്‍കേണ്ട വിഷയങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക പാക്കേജ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. നിയമസഭയില്‍ എംഎൽഎമാരായ എന്‍.ജയരാജ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണ്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.

പൂഞ്ഞാര്‍ മണ്ഡലത്തിലെ ചെറുവള്ളി എസ്‌റ്റേറ്റും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മണിമല പഞ്ചായത്തില്‍ ഉള്‍പ്പെട്ട സമീപപ്രദേശങ്ങളും ഉള്‍പ്പെടെ 2,570 ഏക്കര്‍ സ്ഥലമാണ് എയര്‍പോര്‍ട്ടിന് വേണ്ടി ഏറ്റെടുക്കുന്നത്. പ്രാഥമിക നടപടിയായ സാമൂഹ്യ ആഘാത പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പുനരധിവാസ പാക്കേജ് അടക്കം ഏറ്റവും മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ഈ കൂടിക്കാഴ്ചയിലൂടെ ലഭിക്കുന്ന ശുപാര്‍ശകള്‍ അധികമായി പരിഗണിക്കും.

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലാണ് എയര്‍പോര്‍ട്ട് സ്ഥാപിക്കുന്നത്. അവിടേക്ക് എത്തുന്ന ഭൂരിഭാഗം റോഡുകളും കാഞ്ഞിരപ്പള്ളി, റാന്നി, ചങ്ങനാശേരി നിയോജകമണ്ഡലങ്ങളിലൂടെയാണെന്നത് ആ നിയോജകമണ്ഡലങ്ങളുടെ പ്രാധാന്യവും വര്‍ദ്ധിപ്പിക്കും. ആലപ്പുഴ, കുമരകം, വാഗമണ്‍, തേക്കടി എന്നിവ ഉള്‍പ്പെടെയുള്ള മധ്യകേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ആഭ്യന്തര-വിദേശ ടൂറിസ്റ്റുകള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ഈ എയര്‍പോര്‍ട്ട് ഏറെ പ്രയോജനകരമാണ്. നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്ന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും. നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതിനാല്‍ അന്തിമ അനുമതി വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചീഫ് വിപ്പ് അറിയിച്ചു.

error: Content is protected !!