ബസ് സ്റ്റാൻഡുകളിൽ യാത്രക്കാർക്ക് സുരക്ഷിതത്വമില്ല, ഭീതിയുടെ യാത്ര
കാഞ്ഞിരപ്പള്ളി / എരുമേലി / മുണ്ടക്കയം ∙ താലൂക്കിലെ ബസ് സ്റ്റാൻഡുകളിൽ യാത്രക്കാർക്ക് സുരക്ഷിതത്വമില്ല. മലയോര മേഖലയിലെ ബസ് സ്റ്റാൻഡുകളിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം, വിദ്യാർഥികൾ തമ്മിൽ അടിപിടി, പൂവാല ശല്യം, പോക്കറ്റടി, മോഷണം, നിരോധിത പുകയില ഉൽപന്നങ്ങളുടെയും, മയക്കു മരുന്നുകളുടെയും കൈമാറ്റം, തുടങ്ങി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമായി മാറുന്ന ബസ് സ്റ്റാൻഡുകൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഭീഷണിയായി മാറി.
എരുമേലി സ്റ്റാൻഡ്
സ്വകാര്യ ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും പൊലീസിന്റെ സാന്നിധ്യം ഇല്ലാത്തത് പലപ്പോഴും സാമൂഹിക വിരുദ്ധർക്ക് തണലാകുന്നു. ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നത് സമീപത്തെ കച്ചവടക്കാർ തന്നെ പൊലീസിൽ അറിയിക്കാറുണ്ട്. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകളിൽ കയറി മദ്യപിക്കുന്ന സംഘങ്ങളുണ്ട്. സ്കൂൾ കുട്ടികൾ മുകളിൽ കയറി സ്കൂൾ യൂണിഫോം മാറ്റി സ്കൂളിൽ പോകാതെ മുങ്ങുന്നതും പതിവാണ്. സ്കൂൾ കുട്ടികൾ പുകവലിക്കാനും ഇവിടെ കയറാറുണ്ട്. ഒന്നാം നിലയിൽ വില്ലേജ് ഓഫിസും പൊതുമരാമത്ത് ഓഫിസും പ്രവർത്തിക്കുന്നുണ്ട്.
ഓഫിസ് സമയങ്ങളിൽ മുകളിലേക്ക് കയറുന്നതിനുള്ള ഗ്രിൽ തുറന്നിടുന്നതാണ് ഇത്തരക്കാർക്ക് സൗകര്യമാകുന്നത്. സ്കൂൾ കുട്ടികൾ മുകൾ നിലയിലെ ടെറസിൽ ഉണ്ടെന്ന് അറിയാതെ റവന്യു ജീവനക്കാർ ഗ്രില്ല് പൂട്ടിപ്പോയ സംഭവങ്ങളും ഉണ്ട്. ഏറെ വൈകി കുട്ടികൾ ടെറസിൽ അകപ്പെട്ട വിവരം അറിഞ്ഞ് സ്റ്റാൻഡിലെ വ്യാപാരികൾ പൊലീസിനെ വിളിച്ചുവരുത്തി ഗ്രില്ല് തുറപ്പിച്ച് കുട്ടികളെ പുറത്തുവിട്ട സംഭവങ്ങളും ഉണ്ട്. ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ നിന്ന് സ്ഥിരമായി പണം മോഷ്ടിക്കുന്ന ആളെ കച്ചവടക്കാർ നേരത്തെ പിടികൂടിയിരുന്നു.
മുണ്ടക്കയം സ്റ്റാൻഡ്
ബസ് സ്റ്റാൻഡിൽ സ്കൂൾ സമയങ്ങളിൽ പൊലീസിന്റെ സേവനം വേണമെന്ന് ആവശ്യം ശക്തമാണ്. പരാതിയെ തുടർന്ന് സ്കൂൾ സമയത്ത് വനിതാ പൊലീസ് അടക്കം ഡ്യൂട്ടിയിൽ ഉണ്ടാകണമെന്നു താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ നിർദേശം ഉണ്ടായതും പാലിക്ക പ്പെടുന്നില്ല. ഹൈറേഞ്ചിന്റെ കവാടത്തിലെ ബസ് സ്റ്റാൻഡും പരിസരവും നിരോധിത പുകയില ഉൽപന്നങ്ങളുടെയും, ലഹരിമരുന്നു കളുടെയും കൈമാറ്റ കേന്ദ്രമായി മാറിയതായും ആരോപണമുണ്ട്.
എക്സൈസ് വകുപ്പ് ഇടയ്ക്ക് പരിശോധന നടത്തുന്നുണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് ഇവ കൈമാറാൻ പല മാർഗങ്ങളാണ് വിൽപനക്കാർ സ്വീകരിക്കുന്നത്. ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ. കെഎസ്ആർടിസി ബസുകൾ യാത്രക്കാരെ കയറ്റാൻ തോന്നുംപടി നിർത്തിയിടുന്നതു ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നു.
സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്ന ബസുകൾ പുറപ്പെടേണ്ട സമയത്തിനു ഏറെ നേരം മുൻപേ ഇറക്കി സ്റ്റാൻഡിനു നടുവിൽ നിർത്തിയിട്ട് ആളുകളെ കയറ്റുക പതിവാണ്. കോട്ടയം, ചങ്ങനാശേരി, പാലാ ഭാഗത്തേക്കു പോകുന്ന സ്വകാര്യ, കെഎസ്ആർടിസി ബസുകളാണ് ഇങ്ങനെ സ്റ്റാൻഡിലെ കടകൾക്ക് മുൻപിൽ ഏറെ നേരം നിർത്തിയിട്ട് ആളുകളെ കയറ്റുന്നത്.
പൊൻകുന്നത്ത് മത്സരയോട്ടം അപകട ഭീഷണി
സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് ദേശീയ പാതയിൽ കഴിഞ്ഞ ദിവസം ഇരു വിഭാഗം വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടായി. ടൗണിലെ വ്യാപാരികൾ അറിയിച്ചപ്പോൾ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. മത്സര ഓട്ടത്തിന്റെ ഭാഗമായി അമിത വേഗത്തിൽ ബസുകൾ സ്റ്റാൻഡിലേക്കു കയറുന്നതും ഇറങ്ങുന്നതും യാത്രക്കാർക്ക് അപകട ഭീഷണിയായി.
സ്റ്റാൻഡിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ഏതാനും നാളുകൾക്ക് മുൻപ് അടച്ചുപൂട്ടി. ദിനംപ്രതി നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നു പോകുന്ന സ്റ്റാൻഡിൽ ഇപ്പോൾ ഒരു ഹോം ഗാർഡ് മാത്രമാണ് ഡ്യൂട്ടിക്കുള്ളത്. ബസ് ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലി തർക്കവും മറ്റും ഉണ്ടാകുമ്പോൾ സ്റ്റേഷനിൽ നിന്നും പൊലീസ് എത്തണം.
സ്റ്റാൻഡിൽ യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന സ്ഥലത്തിനു മുൻപിൽ പാർക്കിങ് പാടില്ലെന്ന് ഉണ്ടെങ്കിലും സ്വകാര്യ– കെഎസ്ആർടിസി ബസുകൾ ഇവിടെ പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റുക പതിവാണ്. സ്റ്റാൻഡിൽ മദ്യപാനികളുടെ ശല്യവും പതിവാണ്. വിദ്യാർഥികൾ ഉൾപ്പെടെയള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്നാണ് ആവശ്യം.
വീർപ്പുമുട്ടി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ്
ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ സമയക്ലിപ്തതയെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു. സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ വാക്കുതർക്കവും സംഘർഷവും പതിവാണെന്ന് വ്യാപാരികൾ ആരോപിച്ചു. കഴിഞ്ഞ ദിവസം കാഴ്ച പരിമിതിയുള്ളയാളുടെ പഴ്സും പണവും ബസ് സ്റ്റാൻഡിൽ നിന്നും നഷ്ടപ്പെട്ടു. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുള്ള വാക്കുതർക്കം കൂടാതെ വിദ്യാർഥികൾ തമ്മിലും സ്റ്റാൻഡിൽ അടിപിടി ഉണ്ടാകാറുണ്ട്.
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന സ്റ്റാൻഡിൽ ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ അപകടത്തിനും ഇടയാക്കും. സ്റ്റാൻഡിലെ കെട്ടിട സമുച്ചയങ്ങളുടെ ഇടനാഴികളിലും, സമീപ ഇടവഴികളിലും പൂവാലൻമാരുടെയും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കമിതാക്കളുടെയും വിഹാര കേന്ദ്രങ്ങളായി മാറി. വിദ്യാർഥികളെ ശല്യം ചെയ്യാനായി സ്ഥിരമായി വൈകുന്നേരങ്ങളിൽ സ്റ്റാൻഡിലെത്തി തമ്പടിക്കുന്ന സംഘങ്ങളുമുണ്ട്.
സ്റ്റാഡിന് സമീപത്തെ വഴികളിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതായി നാട്ടുകാർ ആരോപിക്കുന്നു. ചോദ്യം ചെയ്താൽ സംഘം ചേർന്നു ആക്രമിക്കാൻ ശ്രമിക്കുന്നതിനാൽ പലരും പരാതിപ്പെടാറില്ല. പൊലീസ് ഡ്യൂട്ടിക്കില്ലാത്തതാണ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വളം വയ്ക്കുന്നത്. സ്കൂൾ വിടുന്ന സമയത്ത് ആകെ ഒരു ഹോം ഗാർഡ് മാത്രമാണ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കുള്ളത്. വൈകിട്ട് സ്കൂൾ വിടുന്ന സമയത്ത് പൊലീസിനെ ഡ്യൂട്ടിക്കു നിയോഗിക്കണമെന്ന ആവശ്യം നടപ്പാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.