സംരക്ഷണ വേലിയുടെ കമ്പികൾ ദിവസവും അപ്രത്യക്ഷമാകുന്നു
മുണ്ടക്കയം ∙ ബൈപാസ് റോഡിൽ നടപ്പാതയുടെ സമീപമുള്ള സംരക്ഷണ വേലിയുടെ കമ്പികൾ ഓരോ ദിവസം കഴിയുമ്പോഴും അപ്രത്യക്ഷമാകുന്നു. ഈ ‘പ്രതിഭാസം’ സംബന്ധിച്ച് നാട്ടുകാരിൽ ചിലർ അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും അന്വേഷണം പോലും നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടു തവണ പ്രളയം കര കയറിയപ്പോൾ കമ്പികൾക്ക് കേടു വന്നു നശിച്ചതാണെന്ന് പറയരുതെന്ന് സമീപവാസികൾ പറയുന്നു. കാരണം തൂണുകളുടെ മുകൾ ഭാഗം ചുറ്റിക പോലെ എന്തോ കനമുള്ള വസ്തു കൊണ്ട് ഇടിച്ച് പൊട്ടിച്ച ശേഷമാണ് കമ്പി എടുത്ത് മാറ്റിയിരിക്കുന്നത്.
ഇനിയും മൗനം തുടർന്നാൽ ബൈപാസ് റോഡിൽ നീളത്തിൽ ഉള്ള ഒന്നാം നിരയിലെ കമ്പികൾ പൂർണമായും പോയത് തന്നെ. മണിമലയാറിന്റെ വശത്ത് ബൈപാസ് നിർമാണത്തിന്റെ ഭാഗമായി നിർമിച്ച നടപ്പാതകളിൽ നടക്കുന്നവരുടെ സുരക്ഷയ്ക്കായി മൂന്ന് കമ്പികൾ വീതം തൂണുകളിൽ സ്ഥാപിച്ച് വേലി ഒരുക്കിയത്. ആക്രി കൊടുത്താൽ പോലും നല്ല വില ലഭിക്കുന്ന കമ്പികളിൽ ഒരെണ്ണം പ്രളയത്തെത്തുടർന്ന് വളഞ്ഞ് നശിച്ചിരുന്നു. അതിനു ശേഷമാണ് മറ്റ് കമ്പികൾ ഇപ്പോൾ കാണാതെ പോയത്.
രാത്രി കാലങ്ങളിൽ വിജനമായ ഈ റോഡിൽ കമ്പി മോഷ്ടിക്കാനുള്ള എല്ലാ സൗകര്യവുമുണ്ട്. കാരണം വഴിവിളക്കുകളുടെ അഭാവം വർഷങ്ങളായി തുടരുകയാണ്. സായാഹ്നങ്ങളിൽ ആളുകൾ ഒഴിവുസമയം ചെലവഴിക്കാൻ എത്തുന്ന ഇവിടം മനോഹരമായി സംരക്ഷിക്കാൻ പദ്ധതികൾ ഒന്നുമില്ല. മോഷണം പോയ കമ്പികളുടെ സമീപത്ത് ഇനിയും കമ്പികൾ എടുക്കുന്നതിനായി തൂണുകളുടെ മുകൾ ഭാഗം തകർത്ത് വച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്നും ഇനി മോഷണം നടക്കാതിരിക്കാൻ നടപടി സ്വീകരണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.