പേട്ടതുള്ളൽ എരുമേലിയെ ഭക്തിസാന്ദ്രമാക്കി.; അയ്യപ്പ ഭക്തിയുടെ തീഷ്ണമായ ആനന്ദ നൃത്തമാടീ അമ്പലപ്പുഴ സംഘം പേട്ടതുള്ളിയപ്പോൾ, ശാന്തമായ ലയവും താളവും പകർന്ന് തുള്ളിയിളകി ആലങ്ങാട്ട് സംഘം എരുമേലിയെ ഭക്തിനിർഭരമാക്കി.
.എരുമേലി : കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ പേട്ടതുള്ളൽ എരുമേലിയെ ഭക്തിസാന്ദ്രമാക്കി. അയ്യപ്പ ഭക്തിയുടെ തീഷ്ണമായ ആനന്ദ നൃത്തമാടീ അമ്പലപ്പുഴ സംഘം പേട്ടതുള്ളിയപ്പോൾ, ശാന്തമായ ലയവും താളവും പകർന്ന് തുള്ളിയിളകി ആലങ്ങാട്ട് സംഘം എരുമേലിയെ ഭക്തിനിർഭരമാക്കി.
തിങ്കളാഴ്ച രാവിലെ 11.35 ഓടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിന് അനുമതിയായി. ആകാശത്ത് കൃഷ്ണ പരുന്ത് എത്തിയതോടെ ശരണമന്ത്രങ്ങൾ വിണ്ണിലേക്കൊഴുകി. സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ 47 അംഗ സംഘം കൊച്ചമ്പലത്തിൽ പേട്ടപ്പണം കെട്ടി പ്രായശ്ചിത്ത പൂജ പൂർത്തിയാക്കുമ്പോൾ തന്നെ കൃഷ്ണ പരുന്തിന്റെ സാമീപ്യം എത്തിയത് ഭക്തരെ പ്രാർത്ഥനാ നിർഭരമാക്കി. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജിച്ച സ്വർണ തിടമ്പ് എഴുന്നെള്ളിച്ച ആനയുമായി നൈനാർ മസ്ജിദിൽ കയറിയ അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് പ്രസിഡന്റ് അഡ്വ. പി എച്ച് ഷാജഹാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പള്ളിയെ വലം വെച്ച് വാവരുടെ പ്രതിനിധിയുമായി പേട്ടതുള്ളൽ തുടർന്ന അമ്പലപ്പുഴ സംഘത്തെ സർക്കാരിനും ജില്ലാ ഭരണകൂടത്തിനും വേണ്ടി എസ് പി ജി ജയദേവ്, കാഞ്ഞിരപ്പള്ളി തഹസീൽദാർ ഫ്രാൻസിസ് വി സാവിയോ എന്നിവർ ചേർന്ന് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്, ബിജെപി നേതാവ് എൻ ഹരി തുടങ്ങിയവരും വ്യാപാരി ഭാരവാഹികളും സ്വീകരണം നൽകി.
ഉച്ചക്ക് മാനത്ത് തെളിഞ്ഞ നക്ഷത്രത്തിന് ശരണ സ്തുതികൾ അർപ്പിച്ചാണ് ആലങ്ങാട്ട് സംഘം പേട്ടതുള്ളൽ ആരംഭിച്ചത്. ആലങ്ങാട്ട് സംഘത്തിന് സമൂഹ പെരിയോൻ അമ്പാടത്ത് വിജയകുമാർ, പുറയാറ്റുകളരി രാജേഷ് എന്നിവർ നേതൃത്വം നൽകി. വാവർ അമ്പലപ്പുഴയ്ക്കൊപ്പം പോയെന്ന വിശ്വാസത്തിൽ പള്ളിയിൽ കയറാതെ അഭിവാദ്യങ്ങൾ അർപ്പിച്ചാണ് ആലങ്ങാട്ട് സംഘം പേട്ടതുള്ളൽ തുടർന്നത്.
വലിയമ്പലത്തിൽ ഇരു സംഘങ്ങളുടെയും പേട്ടതുള്ളൽ സമാപിക്കുമ്പോൾ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ കൃഷ്ണകുമാർ സത്യൻ, അസി. കമ്മീഷണർ ഒ ജി ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ രാജീവ്, അയ്യപ്പ സേവാ സംഘം ഭാരവാഹികളായ അനിയൻ എരുമേലി, കെ ആർ സോജി, എൻഎസ്എസ് യോഗം പ്രസിഡന്റ് അശോക് കുമാർ, ബിജെപി ജില്ലാ സെക്രട്ടറി വി സി അജികുമാർ എന്നിവരുടെ നേതൃത്വത്തിൽ പൂർണ കുംഭങ്ങൾ നൽകി സ്വീകരിച്ചു.പഞ്ചായത്ത് ഓഫിസ് പടിക്കൽ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്വീകരണം നൽകി. കോവിഡ് പ്രതിരോധം മുൻനിർത്തി പേട്ടതുള്ളലിന് അമ്പത് പേർക്കാണ് അനുമതി നൽകിയിരുന്നത്. ഒരു ആനയെ ആണ് അകമ്പടി ആയി അനുവദിച്ചത്. ഇത്തവണ ഗതാഗത തടസമുണ്ടായില്ല. ആളുകൾ നന്നേ കുറവായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പോലിസ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.