സപ്ലൈകോ സൂപ്പർ മാർക്കറ്റിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും
കാഞ്ഞിരപ്പള്ളി : നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്താൻ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടതായി ഐ. എൻ. റ്റി. യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആരോപിച്ചു.
വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്ക് ആശ്വാസം നൽകേണ്ട സിവിൽ സപ്ലൈസ് കോർപ്പറേഷനെ തകർക്കാൻ സർക്കാർ ശ്രമിക്കുകയാണ്. സിവിൽ സപ്ലൈസ് കോർപ്പറേഷന് സർക്കാർ നൽകാനുള്ള കുടിശിക 3600 കോടി രൂപയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം സിവിൽ സപ്ലൈസ് കോർപ്പറേഷന് നിത്യോപയോഗ സാധനങ്ങൾ സമാഹരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കഴിയുന്നില്ല. ഓണനാളുകൾ ആയിട്ടു പോലും പല അവശ്യവസ്തുക്കളും സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കീഴിലുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്നില്ലെന്നും ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
രൂക്ഷമായ വിലക്കയറ്റത്തിലും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലെ നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യത്തിലും പ്രതിഷേധിച്ചുകൊണ്ട് ഐ എൻ റ്റി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പുത്തനങ്ങാടിയിൽ നിന്നും പേട്ട കവലയിൽ പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
ഐ.എൻ .ടി .യു .സി മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്കലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ പി ജീരാജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ ബേബി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നിബു ഷൗക്കത്ത്, യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഉണ്ണി ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ജി സുനിൽ കുമാർ, അജ്മൽ പാറക്കൽ, ഐ.എൻ.ടി.യു.സി ഭാരവാഹികളായ സുനിൽ മാന്തറ, റസിലി ആനിത്തോട്ടം, ജോമോൻ മറ്റത്തിൽ, നൗഷാദ് കാവുങ്കൽ, സജി തോട്ടുമുഖം, സന്തോഷ് മണ്ണനാനി, ഷാഹുൽ പള്ളിവീട്ടിൽ, മണിക്കുട്ടൻ മേലേട്ടുതകിടിയേൽ, ബെന്നി പൊയ്ക മുക്കിൽ, സിബി കാരിപ്പള്ളി, ഷിജി പുതുപ്പറമ്പിൽ, സെബാസ്റ്റ്യൻ പാറമട, ഷഹാസ് പുല്ലാടൻ, സോബിൻ അഞ്ചിലിപ്പ, സജി മേലേട്ടുതകിടിയേൽ എന്നിവർ പ്രസംഗിച്ചു.