പൊൻകുന്നം എസ്.ഡി.യു.പി. സ്‌കൂളിന്റെ പുതിയ മന്ദിരം മന്ത്രി ഉദ്ഘാടനം ചെയ്തു.
പൊൻകുന്നം: കഴിഞ്ഞ ഏഴ് വർഷം കൊണ്ട് പൊതുവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്നും പത്തര ലക്ഷം കുട്ടികൾ പുതുതായി ഗവ.സ്‌കൂളുകളിൽ ചേർന്നെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊൻകുന്നം എസ്.ഡി.യു.പി.സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച ബഹുനിലമന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എയ്ഡഡ് മേഖലയിലും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ മത്സരമാണ് നടക്കുന്നത്.എസ്.ഡി.യു.പിസ്‌കൂളിനുവേണ്ടി ഒരു വലിയ മന്ദിരം നിർമ്മിച്ച് നൽകിയത് മാനേജ്‌മെന്റിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണ്. ഇനി ഈ സ്‌കൂളിനെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കേണ്ടത് അധ്യാപകരുടേയും രക്ഷകർത്താക്കളുടേയും ചുമതലയാണ്.
പല കാര്യങ്ങളിലും കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുകയാണ്.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനുള്ള വിഹിതം പോലും കൃത്യമായി അനുവദിക്കുന്നില്ല.ആരും ഫണ്ട് തന്നില്ലെങ്കിലും ഈ സർക്കാർ കുട്ടികളുടെ ഉച്ചഭക്ഷണം മുടക്കില്ലെന്നും മന്ത്രി പറഞ്ഞു.
മാനേജർ പി.എസ്. മോഹനൻനായർ അദ്ധ്യക്ഷനായി.
നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജും ഡിജിറ്റൽ ക്ലാസ് മുറിയുടെ ഉദ്ഘാടനംമുൻ മാനേജർ പി.ഗോപകുമാറും നിർവഹിച്ചു.ശതാബ്ദി ആഘോഷം ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശതാബ്ദി സ്മാരക ഓഡിറ്റോറിയം വൈക്കം വിശ്വൻ നാടിന് സമർപ്പിച്ചു.സ്‌കൂളിന്റെ നാൾവഴിപ്രഭാഷണം മഞ്ജിത്ത് മോഹനുംഉപഹാര സമർപ്പണം സഞ്ജിത്ത് മോഹനും നിർവ്വഹിച്ചു.
കാഞ്ഞിരപ്പള്ളി എ.ഇ.ഒ പി.എച് ഷൈലജ,പി.ട.എ പ്രസിഡന്റ് രമ്യസിജു,പൂർവ്വവിദയാർത്ഥി സംഘടനാ സെക്രട്ടറി അർജുൻരാജ് പാലാഴി,സ്‌കൂൾ ലീഡർ അഭിനവ് ടി.ആർ,സ്റ്റാഫ് സെക്രട്ടറി അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.പ്രധാന അധ്യാപിക സുമ പി.നായർ സ്വാഗതവും എം.പി.ടി.എ പ്രസിഡന്റ് രാഖി ബിജു നന്ദിയും പറഞ്ഞു.