എലിക്കുളം പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസിൽ റോബോട്ടിക് ക്രമീകരണമൊരുക്കും
കൂരാലി: എലിക്കുളം പഞ്ചായത്ത് ഓഫീസിന്റെ ഫ്രണ്ട് ഓഫീസ് റോബോട്ടിക് സാങ്കേതികവിദ്യ ഏർപ്പെടുത്തി നവീകരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വിവിധ സേവനങ്ങളുടെ വിവരം ലഭ്യമാക്കാൻ ക്രമീകരണമൊരുക്കുന്നത് പാത്താമുട്ടം സെയ്ന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലെ റോബോട്ടിക് റിസർച്ച് വിങ്ങാണ്.
പഞ്ചായത്ത് സെക്രട്ടറി പി.എം.മുഹസിൻ, സെയ്ന്റ് ഗിറ്റ്സ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.സുധ എന്നിവർ ചേർന്ന് റോബോട്ടിക് ഫ്രണ്ട് ഓഫീസ് നടപ്പാക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു. കോളേജിലെ റിസർച്ച് ഡീൻ ഡോ.എം.ഡി.മാത്യു, വൈസ്പ്രിൻസിപ്പൽ ഡോ.റോജി ജോർജ്, പരീക്ഷാവിഭാഗം കൺട്രോളർ ഡോ.റിബോയ് ചെറിയാൻ, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ.കെ.എസ്.ശ്രീകല, കോർപ്പറേറ്റ് റിലേഷൻസ് മാനേജർ ആന്റണി ജോസഫ്, ഡോ.ഗിരിലാൽ, പ്രൊഫ.ഹരിനാരായണൻ, പ്രൊഫ.പ്രതാപ് പിള്ള, എസ്.സന്ദീപ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്ത് ഓഫീസിലെത്തുന്ന ജനങ്ങൾക്കാവശ്യമായ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ ലഭ്യമാക്കാനാവും. അപേക്ഷയുടെ വിവരങ്ങൾ, ഓഫീസിൽ ഏത് സെക്ഷനാണ് ചുമതല തുടങ്ങിയ വിവരങ്ങൾ റോബോട്ടിക് ക്രമീകരണത്തിലൂടെ നൽകുന്നതിനൊപ്പം ആവശ്യമായ പ്രിന്റ് ഔട്ടുകൾ ജനങ്ങൾക്കുതന്നെ എടുക്കാനും അവസരം ലഭിക്കും. മൂന്നുമാസത്തിനുള്ളിൽ സ്ഥാപിക്കുന്നതിനാണ് തീരുമാനം. അത്യാധുനികമായ സാങ്കേതിക വിദ്യ സാധാരണക്കാർക്കുകൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെയ്ന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജ് അധികൃതർ അറിയിച്ചു. ആധുനികസംവിധാനങ്ങൾ പഠനത്തിനെന്നതിനപ്പുറം സാധാരണക്കാരുടെ ജീവിതത്തെ കൂടി സ്വാധീനിക്കുന്നതിലൂടെ ശാസ്ത്രസാങ്കേതി വിദ്യയുടെ പ്രചാരണം കൂടിയാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിനാവശ്യമായ വിവിധ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിനും ധാരണയുണ്ട്.