റബർ വില സ്ഥിരതാ പദ്ധതി ഉപേക്ഷിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണം : കർഷക കോൺഗ്രസ്

കാഞ്ഞിരപ്പള്ളി. കേരളത്തിലെ 10 ലക്ഷത്തോളം ചെറുകിട റബർ കർഷകർക്ക് ആശ്വാസകരമായ റബ്ബർ വില സ്ഥിരത പദ്ധതി ഉപേക്ഷിക്കുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് കർഷക കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് സംസ്ഥാന ബജറ്റുകളിലായി റബ്ബർ വില സ്ഥിരത പദ്ധതിക്ക് വേണ്ടി മാറ്റിവെച്ച 1,100 കോടി രൂപയിൽ 32.5 കോടി രൂപ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ നവംബറിന് ശേഷം പദ്ധതിയിൽ ബില്ലുകൾ അപ് ലോഡ് ചെയ്യുവാൻ കർഷകർക്ക് കഴിയുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിശ്ചലമായതായി കഴിഞ്ഞദിവസം റബർ ബോർഡ് അറിയിക്കുകയുണ്ടായി. ഇത് പദ്ധതി അവസാനിപ്പിക്കുന്നതിനുള്ള നീക്കമാണ്.
റബ്ബറിന്റെ രൂക്ഷമായ വില തകർച്ചയിൽ ആത്മഹത്യയുടെ വക്കിൽ എത്തിയിരിക്കുന്ന കർഷകർക്ക് ചെറിയ സഹായം എങ്കിലും നൽകുമായിരുന്ന പദ്ധതി അവസാനിപ്പിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും. അധികാരത്തിലെത്തിയാൽ റബ്ബർ വില സ്ഥിരതാ പദ്ധതി 250 രൂപയായി വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത ഇടതുമുന്നണി സർക്കാരു തന്നെ പദ്ധതിയുടെ അന്തകരായി മാറുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും കർഷ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.


                റബറിന് നിശ്ചിത വില ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ഉമ്മൻ ചാണ്ടി സർക്കാർ 2015 ജൂലൈ ഒന്നിനാണ് ആരംഭിച്ചത്. ഓരോ മ  ദിവസവും റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയും 170 രൂപയും തമ്മിലുള്ള വ്യത്യാസം കർഷകന് ധനസഹായമായി നൽകുന്നതാണ് പദ്ധതി. ഇതനുസരിച്ച് കിലോക്ക് 170 രൂപയിൽ കുറവാണെങ്കിൽ ബാക്കി തുക സർക്കാർ കർഷകന്‍റെ അക്കൗണ്ടിലേക്ക് നൽകും. റബറിന് നിലവിൽ 140 രൂപ മാത്രം ലഭിക്കുമ്പോഴാണ് കർഷകർക്ക് വലിയ ആശ്വാസകരമാകുമായിരുന്ന പദ്ധതി അവസാനിപ്പിക്കുന്നതെന്ന് കർഷക കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ചൂണ്ടിക്കാട്ടി. 
മണ്ഡലം പ്രസിഡന്റ് സിബു ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി. സി. സി ജനറൽ സെക്രട്ടറിമാരായ റോണി കെ ബേബി, പി. എ ഷെമീർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ്, മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, കർഷക കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ രാജു തേക്കുംതോട്ടം, ടി. എസ് സൈനുദീൻ തേനംമ്മാക്കൽ,  ബെന്നി ജോസഫ് കുന്നേൽ, ബാബു മാളികേയ്ക്കൽ,  ഡെന്നീസ് കപ്പലുമാക്കൽ, ജോർജുകുട്ടി മല്ലപ്പള്ളിൽ, രാജേന്ദ്രൻ വിഴിക്കത്തോട്, ആഗസ്തി നാട്ടുകാലിൽ, ടോമി തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു

error: Content is protected !!