പമ്പാവാലിയിൽ വൈദ്യുതി പോസ്റ്റ്‌ പിഴുത് എറിഞ്ഞ് കാട്ടാനകൂട്ടത്തിന്റെ വിളയാട്ടം.

കണമല : പമ്പാവാലിയിൽ കൃഷിയിടങ്ങളിൽ കാട്ടാനകൂട്ടത്തിന്റെ വിളയാട്ടം.. കഴിഞ്ഞ ദിവസം രാത്രിയിൽ വൈദ്യുതി പോസ്റ്റ്‌ വരെ പിഴുത് എറിഞ്ഞ് കാട്ടാനകൾ കലി തുള്ളി കൃഷികൾ നശിപ്പിച്ചു.

തുലാപ്പള്ളി പമ്പാംകുഴിയിൽ ബിജുവിന്റെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം കഴിഞ്ഞ രാത്രി സംഹാര താണ്ഡവമാടിയത്. വൈദ്യുതി പോസ്റ്റും ലൈനും എല്ലാം ആനക്കൂട്ടം തകർത്തു. ടാപ്പിംഗ് തുടങ്ങിയ നിരവധി റബർ മരങ്ങൾ മൂടോടെ പിഴുതെറിഞ്ഞു. കാപ്പി കവുങ്ങ്, തെങ്ങ് ഉൾപ്പടെ കൃഷിയിടത്തിലുണ്ടായിരുന്ന സർവ്വതും കഴിഞ്ഞ രാത്രിയിൽ ആനക്കൂട്ടം നശിപ്പിച്ചു.

സമീപത്തെ പുളിക്കൽ ബിനോയ്‌ എന്ന കർഷകൻ അടുത്ത കാലത്താണ് ‌ മുമ്പാണ് ആനകളുടെ ശല്യം സഹി കെട്ട് കൃഷി നിർത്തി സ്വന്തം പറമ്പ് ഉപേക്ഷിച്ചത്. കർഷകരുടെ കണ്ണീർ വീണുകൊണ്ടിരിക്കുന്നു ഇവിടുത്തെ കൃഷിയിടങ്ങളിൽ. പ്രദേശത്തെ ഓരോ കർഷക കുടുംബങ്ങളും സമാധാനത്തോടെയല്ല രാത്രിയിൽ വീട്ടിൽ കഴിയുന്നത്. മുമ്പൊക്കെ ആനകൾ വരുമ്പോൾ ദൂരെ നിന്നും ചിന്നം വിളി കേൾക്കാമായിരുന്നു. ഇപ്പോൾ കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ചിന്നം വിളി. കൃഷി നടത്തിയാൽ സ്വന്തം ജീവൻ പോകുന്ന നിലയിലാണ് അവസ്ഥയെന്ന് കർഷകർ അതീവ ദുഃഖത്തോടെ പറഞ്ഞ് വിലപിച്ചുകൊണ്ടിരിക്കുന്നു.

ആനകൾ മാത്രമല്ല ഇവിടെ കൃഷി തകർക്കുന്നത്. കാട്ടുപന്നികളുടെ വരവ് കൂട്ടത്തോടെയാണ്. ഇതേപോലെ കൂട്ടമായി ഓരോ മരങ്ങളും ചാടി കടന്ന് കുരങ്ങുകൾ എത്തി സകലതും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. റംബുട്ടാൻ കൃഷി വമ്പൻ പരാജയമായത് കുരങ്ങുകൾ മൂലമാണ്. പാകമാകും മുമ്പെ ഒന്നില്ലാതെ എല്ലാ കായകളും കുലയോടെ വാനര സംഘം കൈക്കലാക്കും. കല്ല് എടുത്ത് എറിഞ്ഞോ ഒച്ച വെയ്ക്കുകയോ ചെയ്താലൊന്നും വാനരപ്പട പിന്മാറില്ല. മലയണ്ണാൻമാർ ആണ് മറ്റൊരു സംഘം. കൊക്കോ കൃഷി ഇവിടുത്തെ കർഷകർക്ക് നഷ്ടം മാത്രമാക്കി മാറ്റിയിരിക്കുകയാണ് മലയണ്ണാൻമാർ.

ആനകളെ തുരത്തുന്നത് ഏറെ അപകടകരമാണ്. ജീവനെടുക്കാൻ പാകത്തിൽ വീട്ടുമുറ്റത്ത് വന്ന് ചിന്നം വിളിക്കുകയാണ്‌ ആനകൾ. നാടിന്റെ മുഖ്യ വരുമാനം കൃഷി ആയിരുന്നത് ഇപ്പോൾ നഷ്ടം എന്ന് മാറ്റിപ്പറയുന്ന സ്ഥിതിയിൽ എത്തി നിൽക്കുന്നു. പരാതികൾ അനവധിയാണ് വ്യക്തിപരമായും കൂട്ടായും സംഘടനകളുടേതായും വനം വകുപ്പിന് നാട്ടുകാർ നൽകിയിട്ടുള്ളത്. പക്ഷെ യാതൊരു വിധ പ്രതിരോധ സംവിധാനവും നടപ്പിലാക്കിയിട്ടില്ലെന്ന് യുവ കർഷകനായ വേങ്ങത്താനം ജിനേഷ് പറയുന്നു. പ്രദേശത്ത് വന്യമൃഗ ശല്യം തടയുന്നതിനുള്ള സോളാർ വേലിയോ കിടങ്ങുകളൊ ഒന്നും തന്നെയില്ല.

error: Content is protected !!