പൊന്തൻപുഴ സമരസമിതിയുടെ പ്രതിഷേധമാർച്ച് ഒക്ടോബർ രണ്ടിന്
മണിമല: ഗാന്ധി ജയന്തി ദിനത്തിൽ റാന്നി എം. എൽ. എയുടെ ഓഫീസിലേയ്ക്ക് പൊന്തൻപുഴ സമരസമിതി പ്രതിഷേധ മാർച്ച് നടത്തുo. പെരുമ്പെട്ടി , മണിമല വില്ലേജുകളിലേ 1198 കുടുംബങ്ങൾക്ക് കേരള ഭൂമിപതിവ് നിയമം അനുസരിച്ച് പട്ടയം അനുവദിക്കണമെന്നാണ് ആവശ്യം.
സർവ്വേ ഉടൻ പൂർത്തിയാക്കും എന്ന് നിയമസഭയിൽ റവന്യു മന്ത്രി റാന്നി എം. എൽ. എ ക്ക് നൽകിയ ഉറപ്പ് പാലിച്ചിട്ടില്ല. അഞ്ചരവർഷമായി തുടരുന്ന പ്രക്ഷോഭത്തിനു ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപ് പരിഹാരം ഉണ്ടാക്കണം. കർഷകരുടെ ഭൂമി വനത്തിനു പുറത്താണെന്ന് ഡി. എഫ്. ഓ യുടെ റിപ്പോർട്ടിലൂടെ തെളിയിക്കപ്പെട്ടതാണ്. ഭൂമി വനം സംബന്ധിച്ച കേസിൽ ഉൾപ്പെടുന്നില്ല എന്ന കോടതി വിധി ഉണ്ട്. മാത്രമല്ല വനഭൂമിയുടെ അളവിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നു റീ സർവ്വേ രേഖകളിൽനിന്ന് വ്യക്തവുമാണ്. ഈ മൂന്നു രേഖകൾ പരിഗണിച്ചു പട്ടയം അനുവദിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
പത്തനംതിട്ട ജില്ലയിലെ 6362 പട്ടയങ്ങൾക്ക് തടസ്സമായിരിക്കുന്നത് വനത്തിൽ ഉൾപ്പെടാത്ത പെരുമ്പെട്ടിയിലെ 414 കർഷകരുടെ ഭൂമി വനം എന്ന തെറ്റിദ്ധാരണയിൽ ആ പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. ഈ തെറ്റ് തിരുത്തിയാൽ മുഴുവൻ പട്ടയവും ലോകസഭാ ഇലക്ഷനു മുൻപ് വിതരണം ചെയ്യാൻ കഴിയുമെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. പട്ടയം നേടുന്നതിനു റാന്നി എം. എൽ എ നടത്തുന്ന ശ്രമങ്ങൾക്ക് ശക്തിപകരാനാണ് പ്രതിഷേധ മാർച്ചെന്നു സമിതി നേതാക്കൾ വിശദീകരിച്ചു. ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കുസുമം ജോസഫ്, സന്തോഷ് പെരുമ്പെട്ടി തുടങ്ങി വിവിധ നേതാക്കൾ പ്രസംഗിക്കും.മുൻ എം എൽ എ രാജു എബ്രഹാമിന്റെ വീടിന്റെ പടിക്കൽനിന്ന് രാവിലെ 10 ന് മാർച്ച് ആരംഭിക്കും.