വനം വന്യജീവികൾക്കും നാട് നാട്ടുകാർക്കും : കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി
മുണ്ടക്കയം: വനം വന്യജീവികൾക്കും നാട് നാട്ടുകാർക്കും എന്ന ചട്ടത്തിലൂന്നി 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും അതിനായി അതിശക്തമായ കർഷകപ്രക്ഷോഭം ആരംഭിക്കുമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി . കാലഹരണപ്പെട്ട കേന്ദ്ര നിയമങ്ങൾ നിലനിൽക്കുന്നതിനാൽ അതിഗുരുതരമായ മൃഗ ഭീഷണി നേരിടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ് .വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം കാരണം കാർഷിക മേഖല തകരുകയും ജനജീവിതം അസാധ്യവുമായിരിക്കുന്നു. രണ്ടേമുക്കാൽ ലക്ഷത്തോളം തെരുവ് നായ്ക്കൾ ഉയർത്തുന്ന ഭീഷണി കാരണം ഭരണഘടന ഉറപ്പു നൽകുന്ന സ്വതന്ത്രമായി സഞ്ചരിക്കാനുള്ള പൗരാവകാശം കേരളീയർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അധികാരം പോലും കേരളത്തിൽ നോക്കുകുത്തിയാവുകയാണ്. കണമലയിൽ രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ 1973ലെ സി ആർ പി സി സെക്ഷൻ 133 പ്രകാരം വെടിവെച്ചുകൊല്ലാൻ കോട്ടയം കളക്ടർ ഉത്തരവിട്ടു. എന്നാൽ പോലീസ് ഉത്തരവ് നടപ്പാക്കിയില്ല. അപകടകാരിയായ വന്യമൃഗത്തെ വെടിവെച്ചു കൊല്ലുന്നത് തടഞ്ഞുകൊണ്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി .ക്രമസമാധാന തകർച്ചയും പ്രകൃതിദുരന്തവും ഉണ്ടാകുമ്പോൾ നടപടിയെടുക്കാൻ അധികാരമുള്ള കളക്ടർമാർക്ക് ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതല നിർവഹിക്കാൻപോലും തടസ്സമായി നിൽക്കുകയാണ് 1972ലെ വന്യജീവി സംരക്ഷണ നിയമവും കേന്ദ്ര മൃഗസംരക്ഷണ നിയമത്തിലെ ചില ചട്ടങ്ങളും .ഇവ രണ്ടും കാലോചിതവും ശാസ്ത്രീയവുമായി ഭേദഗതി ചെയ്യാതെ ഇനി കേരളത്തിന് മുന്നോട്ടുപോകാനാവില്ല.
ഭൂവിസ്തൃതി കുറവും ജനസാന്ദ്രത കൂടുതലുമാണ് കേരളത്തിൽ . സംസ്ഥാനത്തെ വനവിസ്തൃതി 11309.5 ച.കിലോമീറ്ററാണ്. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 29.10% വനമാണ്.കേരളത്തിലെ വനങ്ങൾക്ക് ഉൾക്കൊള്ളാൻ ആവാത്ത വിധം മൃഗസംഖ്യ വർദ്ധിച്ചിരിക്കുന്നു.വന്യമൃഗങ്ങൾ കാടു വിട്ട് ജനവാസ മേഖലകളിലെത്തി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു.കാടിന് ഉൾക്കൊള്ളാൻ കഴിയുന്ന വന്യമൃഗങ്ങളെ മാത്രം നിലനിർത്തി ബാക്കിയുള്ളവയെ പിടികൂടി സുരക്ഷിത ഇടങ്ങളിൽ സംരക്ഷിക്കുക മാംസ വില്പനയ്ക്കായി ഉപയോഗിക്കുക ചെയ്താണ് മിക്ക വിദേശ രാഷ്ട്രങ്ങളും ജനങ്ങളെ സംരക്ഷിക്കുന്നത്. ഇവിടെ ആക്രമണകാരിയായ വന്യമൃഗത്തെ പിടികൂടി വേറൊരു കൊണ്ടുവന്ന അശാസ്ത്രീയമായ പരീക്ഷണങ്ങളാണ് നടത്തുന്നത് ഒരു ഉദാഹരണമാണ് കേരളത്തിൻറെ തലവേദന ഇപ്പോൾ തമിഴ്നാടിന്റെ തലവേദനയായി മാറിയിരിക്കുന്നു.കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം നിലനിൽക്കുന്നതിനാൽ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ മനുഷ്യർക്ക് കഴിയുന്നില്ല.
സ്വന്തം വീടിനുള്ളിലെത്തി ഒരു വന്യമൃഗം മനുഷ്യരെ ആക്രമിച്ചാൽ അത് പ്രതിരോധിക്കുന്നതിനിടയിൽ വന്യമൃഗത്തിന് നിസ്സാര പരിക്കുപറ്റിയാൽ ജാമ്യംപോലും ലഭിക്കാതെ മനുഷ്യർ ജയിലിൽ പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതിന് മാറ്റം വരണം .പൗരന്റെ സ്വത്തിനും ജീവനും ഭരണഘടന ഉറപ്പു നൽകുന്ന അവകാശം ജനങ്ങൾക്ക് നിഷേധിക്കുന്നതാണ് വന്യജീവി സംരക്ഷണ നിയമത്തിലെ ചട്ടങ്ങൾ . ഇത് ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെങ്കിൽ കർഷകപ്രക്ഷോഭമല്ലാതെ മറ്റു മാർഗങ്ങളില്ല.ഇത് പറയുമ്പോൾ കർഷകരെ പരിസ്ഥിതി ദ്രോഹികളും വനം കയ്യേറ്റക്കാരുമായി ചിത്രീകരിക്കുകയാണ് ചിലർ ചെയ്യുന്നത്.
സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം വനവിസ്തൃതിയിൽ വലിയ വർദ്ധനം ഉണ്ടായ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.കേരളത്തിൽ 54% വനാവരണമുണ്ട്.ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ 33% എങ്കിലും വനാഭരണത്തിന് കേന്ദ്രസർക്കാർ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് വനാവരണത്തിന്റെ കാര്യത്തിൽ കേരളത്തിലുണ്ടായ ഈ വലിയ കുതിപ്പ്.വനങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള കർഷകരുടെ കാർഷിക പ്രവർത്തനങ്ങളാണ് വന വിസ്തൃതി കുറയാതിരുന്നതിനും വനാവരണത്തിൽ
വൻവർദ്ധനവുണ്ടായതിനുംകാരണമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി വരുത്തി മനുഷ്യജീവനും, കൃഷിക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം മുണ്ടക്കയം സി എസ് ഐ പാരിഷ് ഹാളിൽ സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് വിശ്വോത്തര കൃഷിശാസ്ത്രജ്ഞൻ ഡോ.എം എസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് കൺവെൻഷൻ ആരംഭിച്ചത്.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്ത് കൃഷിഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിന് കർഷന് അധികാരം നൽകുക, വന്യമൃഗങ്ങളുടെ എണ്ണംപ്പെരുപ്പം നിയന്ത്രിക്കുന്നതിന് കൃത്രിമ ജനന നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുക, നിശ്ചിതകാലയളവുകളിൽ നിയന്ത്രിത മൃഗവേട്ട അനുവദിക്കുക തുടങ്ങിയവയാണ് നിയമ ഭേദഗതിയിലൂടെ വരുത്തേണ്ട മാറ്റങ്ങൾ. അതോടൊപ്പം വനാതിർത്തിയിയുടെ ഒരു കിലോമീറ്റർ ദൂരം ഹ്യൂമൻ സെൻസറ്റീവ് സോണായി പ്രഖ്യാപിക്കുക, ശല്യക്കാരായ മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സംസ്ഥാന ഗവൺമെന്റുകളിൽ നിക്ഷിപ്തമാക്കുക, വന്യജീവി ആക്രമണത്തിൽ ജീവനാശവും കൃഷിനാശവും സംഭവിക്കുന്നതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വാഹനാപകട നഷ്ടപരിഹാര ക്ലെയിം ട്രിബ്യൂണലിന്റെ മാതൃകയിൽ ട്രൈബ്യൂണൽ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങൾ ജനകീയ കൺവൻഷൻ പാസ്സാക്കി. .
നിയമപരിഷ്കരണം ലക്ഷ്യം വെച്ച് ഭാവി പ്രവർത്തനങ്ങൾക്ക് കൺവെൻഷൻ രൂപം നൽകി. ഇതിനായി സമാന ചിന്താഗതിയുള്ള മുഴുവൻ സംഘടനകളെയും, പ്രസ്ഥാനങ്ങളെയും യോജിപ്പിച്ചുകൊണ്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും, കാർഷിക മേഖലയിലെ പരമാവധി ആളുകളുടെ ഒപ്പ് ശേഖരിച്ച് രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും ഭീമ ഹർജി സമർപ്പിക്കുകയും വിഷയം പാർലമെന്റിലും, നിയമസഭയിലും നിരന്തരമായി ഉന്നയിക്കുകയും ചെയ്യും.
കൂടാതെ കേരളത്തിലെ കാർഷിക ഭൂമികളുമായി വനാതിർത്തി പങ്കിടുന്ന എല്ലാ പ്രദേശങ്ങളിലും സമ്പൂർണ്ണമായി കിടങ്ങ്, ആനമതിൽ, ഹാങ്ങിങ് ഫെൻസിങ്, സോളാർ ഫെൻസിങ്, ജൈവവേലി എന്നീ പ്രതിരോധ മാർഗ്ഗങ്ങൾ ഒരുക്കണമെന്നും കൺവെൻഷന്‍ ഐകകണ്ഠേന സർക്കാരിനോട് ആവശ്യപ്പെട്ടു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എയുടെ അധ്യക്ഷതയിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് വിഷയാവതരണവും ജോബ് മൈക്കിൾ എം എൽ എ മുഖ്യപ്രഭാഷണവും നടത്തി. രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമഹർജിയിൽ സ്റ്റീഫൻ ജോർജ് ആദ്യ ഒപ്പ് രേഖപ്പെടുത്തി. പ്രൊഫ.ലോപ്പസ് മാത്യു ,ചെറിയാൻ പോളച്ചിറക്കൽ , റെജി കുന്നംകോട് , അഡ്വ. അലക്സ് കോഴിമല , പ്രൊഫ.കെ.എ.ആൻറണി , സണ്ണി പാറപ്പറമ്പിൽ , സഖറിയാസ് കുതിരവലിൽ , അഡ്വ. സാജൻ കുന്നത്ത് , ജോസഫ് ചാമക്കാല,പെണ്ണമ്മ ജോസഫ് , ജോണിക്കുട്ടി മഠത്തിനകം , ബിനോ ജോൺ ചാലക്കുഴി , ഡയസ് കോക്കാട്ട് , ചാർളി കോശി , സോജൻ ആരക്കുളം , അഡ്വ.ജസ്റ്റിൻ പഴയപറമ്പിൽ ഔസേപ്പച്ചൻ വാളിപ്ലാക്കൽ , ജാൻസ് വയലിക്കുന്നേൽ , ഐസക് പ്ലാപ്പള്ളി എന്നിവർ പ്രസംഗിച്ചു.