മീനച്ചിൽ ഈസ്റ്റ്‌ അർബൺ ബാങ്കിന് 15.96 കോടി ലാഭം ; അംഗങ്ങൾക്ക് ലാഭവിഹിതം നൽകും.

കാഞ്ഞിരപ്പള്ളി: കേരളത്തിലെ പ്രമുഖ അർബൺ ബാങ്കും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂർണ്ണ നിയന്ത്രണത്തിലും കഴിഞ്ഞ 30 വർഷമായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചു വരുന്നതുമായ മീനച്ചിൽ ഈസ്റ്റ്‌ ബാങ്കിന്റെ വാർഷിക പൊതുയോഗം നടന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കിനുണ്ടായ മികച്ച വളർച്ച പൊതുയോഗം വിലയിരുത്തി. ബാങ്കിന് 15.96 കോടി രൂപ ലാഭമുണ്ടാക്കാൻ സാധിക്കുകയും NPA 2.95% എത്തിക്കാൻ സാധിച്ചതിനാൽ അംഗങ്ങൾക്ക് ലാഭവിഹിതം നൽകുന്നതിന് തീരുമാനിക്കുകയും ചെയ്തു. ബാങ്ക് ഭരണ സമിതിയും ജീവനക്കാരും കൂട്ടായി നടത്തിയ കഠിനാധ്വാനത്തിന്റെയും ബാങ്കിലെ നല്ലവരായ ഇടപാടുകരുടെ നിർലോഭമായ പിന്തുണയുമാണ് ബാങ്കിന് ഈ നേട്ടമുണ്ടാക്കാൻ സാധിച്ചത്.

ബാങ്കിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ അംഗങ്ങൾക്ക് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾക്ക് വിധേയമായിട്ടാണ് കുടിശ്ശിക നിവാരണ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ഇത്തരത്തിൽ പലിശ ഇളവ് നൽകി വായ്പ കടം കണക്ക് അവസാനിപ്പിക്കാൻ സാധിച്ചതിനാലാണ് ബാങ്കിന് മികച്ച ലാഭം നേടുന്നതിനും അംഗങ്ങൾക്ക് ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനും സാധിച്ചത്.

പ്രവർത്തന വർഷം നിക്ഷേപത്തിലുണ്ടായ വർധനവിന്റെ അടിസ്ഥാനത്തിൽ ബാങ്കിന്റെ അരുവിത്തുറ, മുണ്ടക്കയം ബ്രാഞ്ചുകളിൽ വച്ച് വമ്പിച്ച ജനപങ്കാളിത്തോടെ സംഘടിപ്പിച്ച ലോൺ മേള വൻ വിജയമാക്കാൻ സാധിച്ചു.

ബാങ്ക് ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ 1000 കോടിയുടെ ബിസിനസ്സ് ഉള്ള ബാങ്കിൽ ആധുനിക ബാങ്കിംഗ് സേവനങ്ങൾ ഇടപാടുകർക്ക് നൽകുന്നതിന് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ബാങ്കിന്റെ പ്രവർത്തന മേഖലയിൽ മികച്ച വിജയം കൈവരിച്ച 101 വിദ്യാർത്ഥികൾക്ക് പൊതുയോഗത്തിൽ വച്ച് സ്‌കോളർഷിപ്പ് വിതരണം ചെയ്യുകയും ചെയ്തു.

ബാങ്കിലെ ബഹുമാന്യരായ ഓഹരി ഉടമകളും നിക്ഷേപകരും നൽകി വരുന്ന നിർലോഭമായ സഹകരണത്തിനും പിന്തുണയ്ക്കും ചെയർമാൻ കെ എഫ് കുര്യൻ,വൈസ് ചെയർമാൻ അഡ്വ ഷോൺ ജോർജ്,ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ എബിൻ എം എബ്രഹാം എന്നിവർ നന്ദി രേഖപ്പെടുത്തി.

error: Content is protected !!