കാഞ്ഞിരപ്പള്ളി
സെന്റ് ഡോമിനിക്സ് കോളേജിൽ “സുന്ദരകാണ്ഡം”
മെഗാ ഷോർട് ഫിലിം ഷൂട്ടിംഗ് ഫെസ്റ്റിവൽ

കാഞ്ഞിരപ്പള്ളി: 11ാം തീയതി സെന്റ് ഡൊമിനിക്സ് കോളജിലെ 1500 വിദ്യാർത്ഥികളും അധ്യാപകരും ഇതര ജീവനക്കാരും ചേർന്ന് 2 മണിക്കൂർ കൊണ്ട് 66 ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കും. ജീവിതത്തിന്റെ സൗന്ദര്യവും യവ്വനത്തിന്റെ സാധ്യതകളുമാണ് ചലച്ചിത്രങ്ങളുടെ വിഷയം.
ജീവിതമാണ് ഏറ്റവും മഹത്തരം. അതിൽ അതിസുന്ദരമായൊരു  ഏടാണ് യൗവനം; ജീവിതത്തിൻ്റെ സുന്ദരകാണ്ഡമാണത്.

ജീവിതത്തിൻ്റെ യഥാർത്ഥ സൗന്ദര്യം തിരിച്ചറിഞ്ഞ് അത് ഉചിതമായി ആസ്വദിക്കുന്നതാണ് ലഹരി, കപടപ്രണയം, ആത്മഹത്യാഭിമുഖ്യം, പാരിസ്ഥിതികപ്രതിസന്ധി, തൊഴിൽ രംഗത്തെ മാറ്റങ്ങൾ, സാങ്കേതിക വിദ്യാമാറ്റം ഉയർത്തുന്ന വെല്ലുവിളികൾ മുതലായവയ്ക്കുള്ള ശരിയായ പരിഹാരം.

ഈ തിരിച്ചറിവോടെയാണ് ജീവിതത്തിൻ്റെ ശക്തി സൗന്ദര്യങ്ങളെ ആവിഷ്കരിക്കുന്നതിന് ”സുന്ദരകാണ്ഡം” എന്ന പേരിൽ  കോളജിലെ മുഴുവൻ കുട്ടികളും പങ്കെടുക്കുന്ന ഒരു ലഘു ചലച്ചിത്രനിർമ്മാണോത്സവം സംഘടിപ്പിക്കുന്നത്.

2015 മുതൽ കോളജിൽ നടന്നു വരുന്ന പങ്കാളിത്ത പഠന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് “സുന്ദരകാണ്ഡം” ഒരുക്കുന്നത്. മുമ്പ് സമാന മാതൃകയിൽ സംഘടിപ്പിച്ച ലോകയുവജനദിനാഘോഷം, അമരഗാന്ധി, നമ്മൾ, ഹസാർ ഹാഥ് എന്നീ പരിപാടികൾ സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയിരുന്നു.

കുട്ടികൾ ക്ലാസടിസ്ഥാനത്തിൽ നിർദ്ദിഷ്ട അധ്യാപകരുടെ നേതൃത്വത്തിൽ മത്സരാടിസ്ഥാനത്തിലാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ജീവിതത്തെ പൊതുവായും യൗവ്വനത്തെ പ്രത്യേകമായും കാർന്നുതിന്നുന്ന പുഴുക്കുത്തുകളെ ജീവിത സൗന്ദര്യത്തോടുള്ള പ്രണയത്താൽ മറിമടക്കാം എന്ന സന്ദേശം നൽകുന്ന തിരക്കഥകൾ കുട്ടികൾ മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള പഠനത്തിലും ആലോചനയിലും വിദ്യാർത്ഥികൾ മുഴുകുന്നു എന്നതാണ് പരിപാടിയുടെ നേട്ടം എന്ന് സംഘാടകർ വിശദീകരിച്ചു.

11 ന് ഒരു മണിക്കൂർ കൊണ്ട് കോളജിലെ മുഴുവൻ കുട്ടികളും അധ്യാപകരും അനധ്യാപകരും ഒരേ സമയം ഈ പ്രവർത്തനത്തിൽ പങ്കു ചേരും. രംഗങ്ങൾ ഡ്രോണിൽ പകർത്തും.
ചിത്രീകരണം കാമ്പസിനുളളിൽ മുൻകൂട്ടി അനുവദിച്ച ഇടങ്ങളിൽ ഔട്ട് ഡോർ ഷൂട്ടിങ്ങാണ് നടക്കുക. രംഗപടം മുതലായവ മുൻകൂട്ടി തയാറാക്കി ഉപയോഗിക്കും.

പരമാവധി 200 സെക്കന്റിൽ താഴെ മാത്രം ദൈർഘ്യം വരുന്ന ലഘു ചലച്ചിത്രങ്ങളിൽ അധ്യാപകരും അനധ്യാപകരും അഭിനേതാക്കളുമാകും. പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, ബർസാർ ഫാ മനോജ് പാലക്കുടി, കോഡിനേറ്റർ പ്രൊഫ ബിനോ പി ജോസ്, ചെയർമാൻ ആസ്റ്റിൽ ടോം, അനോവിൻ ഷാജി, അനുശ്രീ എം എസ്, ഭാഗ്യലക്ഷ്മി രാജ്, അധ്യാപകരായ സോണി ജോസഫ്,  നെൽസൺ കുര്യാക്കോസ്,  പ്രതീഷ് എബ്രഹാം,  സ്‌റ്റെഫി തോമസ് എന്നിവർ നേതൃത്വം നൽകും.

error: Content is protected !!