ചെറുവള്ളി പാലം തകർന്നിട്ട് രണ്ട് വർഷം : സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇരുകരകളിലും റീത്ത് വച്ച് പ്രതിഷേധിച്ചു.
കാഞ്ഞിരപ്പള്ളി: 2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിൽ ഒലിച്ചുപോയ ചെറുവള്ളി പാലം നാളിതുവരെയായിട്ടും പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് ചിറക്കടവ്, മണിമല യുഡിഎഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മണിമലയാറിന്റെ ഇരുകരകളിലും ഒരേ സമയം റീത്തുകൾ സമർപ്പിച്ച് പ്രതിഷേധിച്ചു.
ചിറക്കടവ് പഞ്ചായത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയുടെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ജീരാജ് യോഗം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് സി.വി. തോമസ്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
മണിമല പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലെ ജനങ്ങൾക്ക് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്ക് പോകാനുള്ള ഏക മാർഗമായിരുന്നു ഈ പാലം. രണ്ടുവർഷമായി ഇവിടെയുള്ള ജനങ്ങൾ പഴയിടത്തേക്കോ മണിമലയിലേക്കോ പോകുന്നത് ഓട്ടോ വിളിച്ച് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാണ്. വിദ്യാർഥികൾക്കും മറ്റ് യാത്രക്കാർക്കും ടൗണിലേക്ക് പോകണമെങ്കിൽ പത്ത് കിലോമീറ്ററിൽ അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്. എത്രയും വേഗം പാലം പുനർനിർമിക്കാനുള്ള നടപടികൾ ആരംഭിച്ചില്ലെങ്കിൽ മുളകെട്ടി താത്കാലിക പാലം നിർമിക്കുമെന്നും എംഎൽഎയുടെ വീട്ടിൽ ധർണ നടത്തുമെന്നും യുഡിഎഫ് മണ്ഡലം കമ്മിറ്റികൾ പറഞ്ഞു. ഇവിടെ പുതിയ പാലം നിർമ്മിക്കുമെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും നടപടികൾ ഒന്നുമില്ലെന്നാണ് നാട്ടുകാർ പറയുന്നത് . പാലം തകർന്നപ്പോൾ തീരദേശ പാതയിൽ കൂടി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ല.
കേരള കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ലാജി തോമസ് മാടത്താനിക്കുന്നേൽ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.എം. സലീം, അഭിലാഷ് ചന്ദ്രൻ, അബ്ദുൾ റസാക്ക്, സി.ജി. രാജൻ, ജോർജ്കുട്ടി പൂതക്കുഴി, ജോഷി ഞള്ളിയിൽ, സുരേഷ് ടി. നായർ, അനില കുമാരി, സാലി നല്ലേപറമ്പിൽ, പി.കെ. ബാബുരാജ്, കെ.സി. ബിനുകുമാർ, ജോസ് പാനാപ്പള്ളി എന്നിവർ പ്രസംഗിച്ചു.