ചിറക്കടവ് മഹാദേവക്ഷേത്ര ഗോപുരത്തിന് സമീപം നിർമിക്കുന്ന റോഡ് വികസനം : ആശങ്കയുമായി നാട്ടുകാർ ; ദോഷകരമായ നിർമാണമുണ്ടാകില്ലെന്ന് എം.എൽ.എ.
ചിറക്കടവ്: മഹാദേവക്ഷേത്രഭാഗത്ത് ഹൈവേ നിർമാണത്തിൽ അലൈൻമെന്റ് മാറ്റിയെന്ന ആരോപണവുമായി പ്രദേശവാസികൾ. പുനലൂർ-പൊൻകുന്നം ഹൈവേയുടെ ഭാഗമായുള്ള നിർമാണംമൂലം പ്രദേശത്തെ കടകൾക്കും ക്ഷേത്രഗോപുരത്തിനും ദോഷമുണ്ടാകുമെന്നാണ് ആരോപണം.
ക്ഷേത്രഗോപുരത്തിന് സമീപം മണ്ണിട്ടുയർത്തുന്ന രീതിയിലാണ് നിർമാണം നടക്കുന്നതെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിച്ചു. ഇതുമൂലം ക്ഷേത്രഗോപുരവും കടകളും റോഡിനേക്കാൾ താഴ്ന്ന നിരപ്പിലാകും. ഇത് ഓടയിൽനിന്ന് വെള്ളം കയറുന്നതിന് ഇടയാക്കുമെന്നാണ് ആരോപണം.
എന്നാൽ, ദോഷകരമായ യാതൊരു നിർമാണവും നടത്തില്ലെന്നും അലൈൻമെന്റിൽ മാറ്റമൊന്നുമില്ലെന്നും കരാർ കമ്പനി പ്രതിനിധി അറിയിച്ചു. ക്ഷേത്രഗോപുരത്തിന് സമീപം റോഡിന്റെ നിരപ്പിന് വ്യത്യാസമില്ലാത്ത രീതിയിലാണ് നിർമാണമെന്ന് ഡോ. എൻ.ജയരാജ് എം.എൽ.എ.യും പറഞ്ഞു. വ്യാപാരികൾക്കോ ക്ഷേത്രത്തിനോ ദോഷകരമായി നിർമാണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.