പി.പി. റോഡ്‌ അപകട റോഡ് ; ആറുവര്‍ഷത്തിനിടെ അറുപതിലേറെ മരണം

പൊന്‍കുന്നം: പുനലൂര്‍- മൂവാറ്റുപുഴ സംസ്‌ഥാന പാതയുടെ ഭാഗമായ പൊന്‍കുന്നം- പാലാ റോഡില്‍ പൈക മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്ത്‌ ഈ വര്‍ഷം മാത്രം നടന്നത്‌ എട്ട്‌ അപകടമരണം, അപകങ്ങള്‍ എണ്ണിയാല്‍ ഒതുങ്ങില്ല. പൊന്‍കുന്നം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ മാത്രം കണക്കാണിത്‌. ബുധനാഴ്‌ച രാത്രി മൂന്ന്‌ ഓട്ടോയാത്രക്കാര്‍ മരിച്ചതുള്‍പ്പെടെയാണ്‌ ഈ ഭയപ്പെടുത്തുന്ന കണക്ക്‌.
ഈ വര്‍ഷം മാത്രം 13 പേര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. 51 പേര്‍ക്ക്‌ സാരമല്ലാത്ത പരുക്കേറ്റു. പോലീസ്‌ കേസില്ലാതെ തീര്‍പ്പായിപ്പോയ അപകടങ്ങളുടെ എണ്ണത്തിന്‌ കണക്കില്ല.

ഹൈവേയായി നവീകരിച്ചതിന്‌ ശേഷം ആറുവര്‍ഷത്തിനിടെ അറുപതിലേറെ മരണം പാലാ മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്ത്‌ നടന്നിട്ടുണ്ട്‌. ഹൈവേയായി നവീകരിച്ചതിനു പിന്നാലെ, റോഡില്‍ അപകടങ്ങള്‍ പതിവായിരുന്നു. തുടര്‍ന്നു പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശനമായി ഇടപ്പെട്ടതോടെ അപകടങ്ങള്‍ കുറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും അപകടങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്‌.
മണ്ഡല, മകര വിളക്ക്‌ കാലത്ത്‌ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ കടന്നു പോകുന്ന പാതകളിലൊന്നാണിത്‌. രാത്രി, പകല്‍ ഭേദമെന്യേ തീര്‍ഥാടക വാഹനങ്ങള്‍ ഒഴുകുമ്പോള്‍ വഴിയോരങ്ങളിലുള്ളവര്‍ ഭീതിയോടെയാണ്‌ കഴിയുന്നത്‌. സീസണ്‍ കാലത്ത്‌ രാത്രിയിലും പകലും പോലീസ്‌, മോട്ടോര്‍ വാഹന വകുപ്പ്‌ സാന്നിധ്യമുള്ളതിനാലും മുന്നറിയിപ്പുകള്‍ നല്‍കുന്നതിനാലും അപകടങ്ങള്‍ കുറയാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.

പൊന്‍കുന്നം: കൊപ്രാക്കളത്ത്‌, ജീപ്പിടിച്ച്‌ ചുരുണ്ട്‌ മടങ്ങിയ നിലയിലായിരുന്ന ഓട്ടോറിക്ഷയെന്ന്‌ സംഭവസ്‌ഥലത്ത്‌ ഓടിക്കൂടിയ നാട്ടുകാര്‍. ഓട്ടോ ഡ്രൈവര്‍ തല്‍ക്ഷണം തന്നെ മരിച്ചതായി മനസ്സിലായി. മറ്റുള്ളവരുടെ നിലയും പരിതാപകരം. തൊട്ടടുത്ത്‌ താമസിക്കുന്ന ജയേഷ്‌ ബസുടമ ജയകൃഷ്‌ണന്‍ നായര്‍, മകന്‍ മഹേഷ്‌, സമീപവാസിയായ അരുണ്‍ എന്നിവരാണ്‌ ആദ്യമെത്തിയത്‌. പിന്നാലെ വിവരമറിഞ്ഞ്‌ അയല്‍വാസികളെല്ലാം ഓടിക്കൂടി. ഇവര്‍ ചേര്‍ന്ന്‌ ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ്‌ എല്ലാവരെയും പുറത്തെടുത്തത്‌. മഹേഷും അരുണും രണ്ടു വാഹനത്തിലായി പരുക്കേറ്റവരെയുമായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക്‌ പോയി.
അവിടെയെത്തിയപ്പോഴേക്കും രണ്ടുപേര്‍ മരിച്ചു. അപ്പോഴും മരിച്ചവരും പരുക്കേറ്റവരുമായി ഓട്ടോയാത്രികര്‍ ആരെന്ന്‌ നാട്ടുകാര്‍ക്കോ ആശുപത്രി അധികൃതര്‍ക്കോ തിരിച്ചറിയാനായിരുന്നില്ല. പരുക്കേറ്റ അഭിജിത്‌ ഇതിനിടെ അവ്യക്‌തമായി പറഞ്ഞ വിവരങ്ങളില്‍ നിന്നാണ്‌ ഇവര്‍ പള്ളിക്കത്തോട്‌ അരുവിക്കുഴി സ്വദേശികളാണെന്നെങ്കിലും മനസ്സിലായത്‌. എന്നാല്‍ മേല്‍വിലാസമുള്‍പ്പെടെയുള്ള വിവരങ്ങള്‍ പറയാന്‍ പറ്റിയ ബോധാവസ്‌ഥയിലായിരുന്നില്ല അഭിജിത്‌.

അരമണിക്കൂറിനുള്ളില്‍ കുരുവിക്കൂട്ടും അപകടം

പൊന്‍കുന്നം: കൊപ്രാക്കളം അപകടം നടന്ന്‌ അരമണിക്കൂറിനുള്ളില്‍ മറ്റൊരു അപകടം കൂടി പി.പി.റോഡില്‍ നടന്നു.
കുരുവിക്കൂട്‌ ഞുണ്ടന്മാക്കല്‍ വളവിന്‌ സമീപമായിരുന്നു ഈ അപകടം. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക്‌ പരുക്കേറ്റു. സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്ന്‌ മുറിഞ്ഞു പോയി. മുന്‍പ്‌ ഇതേ സ്‌ഥലത്ത്‌ രണ്ടുപേര്‍ അപകടത്തില്‍ മരിച്ചതാണ്‌. ഒരു കാല്‍നടയാത്രക്കാരനും സ്‌കൂട്ടര്‍ യാത്രക്കാരനുമാണ്‌ മുന്‍ അപകടങ്ങളില്‍ മരിച്ചത്‌. ഈ ഭാഗത്തും നിരന്തരം അപകടം നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
കൊപ്രാക്കളം അപകടത്തിന്‌ തലേന്ന്‌ ഇളങ്ങുളം അമ്പലം ജങ്‌ഷന്‌ സമീപം പച്ചക്കറിക്കടയുടെ മുന്‍പില്‍ പിക്കപ്പ്‌ വാന്‍ തെന്നിമറിഞ്ഞ്‌ അപകടമുണ്ടായി. ഇതേ സ്‌ഥലത്ത്‌ മാത്രം 15- ലേറെ അപകടങ്ങളാണുണ്ടായത്‌. വയോധിക ദമ്പതികള്‍ ഉള്‍പെടെ നിരവധി പേര്‍ മരിച്ചതും ഈ ഭാഗത്താണ്‌.

നിരന്തരം അപകടം നടന്നിട്ടും…

പൊന്‍കുന്നം: പാലാ- പൊന്‍കുന്നം റോഡില്‍ നിരന്തരം അപകടം നടന്നിട്ടും വേണ്ടത്ര കരുതലുകളില്ല. അപകടങ്ങളേറെയും അശ്രദ്ധമായ ഡ്രൈവിങ്ങ്‌ മൂലം. മദ്യലഹരിയിലും ഗതാഗതനിയമങ്ങള്‍ പാലിക്കാതെ അമിതവേഗതയിലുള്ള ഓട്ടവുമാണ്‌ ഏറെ അപകടങ്ങള്‍ക്കും കാരണം.
ഹൈവേ ആയിട്ടും വളവുകള്‍ ഏറെയുള്ള റോഡില്‍ മുന്‍പരിചയമില്ലാത്ത ഡ്രൈവര്‍മാരും അപകടങ്ങളുണ്ടാക്കുന്നു. തേഞ്ഞുതീര്‍ന്ന ടയറുകളുമായി ഓടുന്ന വാഹനങ്ങളാണ്‌ നിരവധി അപകടങ്ങള്‍ക്ക്‌ കാരണം. നിയമം പാലിക്കാതെ വളവുകളിലെ ഓവര്‍ടേക്കിങ്ങും അപകടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌. ഓവര്‍ടേക്കിങ്ങ്‌ നടത്തുന്ന വാഹനങ്ങളുടെ അരികിലൂടെ പിന്നാലെയെത്തുന്ന വാഹനം കൂടി മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന വാഹനത്തിലിടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്‌.

റോഡിന്റെ അശാസ്‌ത്രീയതെക്കുറിച്ച്‌ എന്നും പരാതിയുണ്ട്‌ വാഹനയാത്രികര്‍ക്ക്‌. മിക്ക വളവുകളും ഇറക്കങ്ങളും നിലനിര്‍ത്തി തന്നെയാണ്‌ റോഡ്‌ പുനര്‍നിര്‍മിച്ചതെന്നും അലൈന്‍മെന്റില്‍ അപാകതയുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. വേഗതാ നിയന്ത്രണത്തിനുള്ള സംവിധാനം ഒരിടത്തുമില്ല. പുതിയ ഹൈവേകളില്‍ വേഗനിയന്ത്രണത്തിന്‌ നിര്‍മിക്കാറുള്ള റമ്പിള്‍ സ്‌ട്രിപ്പുകള്‍ പാലാ- പൊന്‍കുന്നം റോഡില്‍ ഇല്ല.

ഈ റോഡിന്റെ തുടര്‍ച്ചയായുള്ള പൊന്‍കുന്നം -പുനലൂര്‍ റോഡില്‍ വിവിധയിടങ്ങളില്‍ റമ്പിള്‍ സ്‌ട്രിപ്പുകള്‍ ഉണ്ട്‌. വാഹനങ്ങള്‍ അമിതവേഗമെടുക്കാന്‍ സാധ്യതയുള്ള ഭാഗങ്ങളിലാണിത്‌. ഇവയിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ വേഗത കുറക്കേണ്ടിവരും. ഇതിലൂടെ അപകടങ്ങള്‍ കുറെയൊക്കെ ഒഴിവാകും.

വഴിവിളക്കില്ലാത്തതും ദുരിതം

പൊന്‍കുന്നം: അപകടം നടന്നയിടത്ത്‌ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വഴിവിളക്കുകളുടെ സഹായവുമില്ല. 21 കിലോമീറ്ററുള്ള പി.പി.റോഡില്‍ നാനൂറിലേറെ സൗരോര്‍ജ വഴിവിളക്കുകള്‍ പ്രവര്‍ത്തന രഹിതമാണ്‌. മൂന്നുവര്‍ഷത്തിലേറെയായി മുഴുവന്‍ വഴിവിളക്കുകളും തകരാറിലായിട്ടും പുന: സ്‌ഥാപിക്കാന്‍ പൊതുമരാമത്ത്‌ വകുപ്പോ എലിക്കുളം പഞ്ചായത്തോ നടപടിയെടുത്തില്ല. ബുധനാഴ്‌ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ തുണയായത്‌ മറ്റ്‌ വാഹനങ്ങളുടെ ഹെഡ്‌ ലൈറ്റിന്റെ പ്രകാശം മാത്രമാണ്‌.

error: Content is protected !!