റോഡുവികസനത്തിനായി സ്ഥലം വിട്ടുകൊടുത്ത ചിറക്കടവ് വെള്ളാളസമാജം സ്കൂളിന്റെ വശത്തെ തിട്ടയിടിയുന്നു ; സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യം
പൊൻകുന്നം: മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു; കളക്ടറും. എന്നിട്ടും പരിഹാരം കാണാത്ത വിഷയത്തിൽ നീതിതേടി സ്കൂളധികൃതർ വീണ്ടും പഞ്ചായത്തിൽ. റോഡുവികസനത്തിനായി സ്ഥലം വിട്ടുകൊടുത്ത ചിറക്കടവ് വെള്ളാളസമാജം സ്കൂളിന്റെ വശത്തെ തിട്ടയിടിയുന്നതിന് പരിഹാരമായി സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യമാണ് വർഷങ്ങളായി പാലിക്കപ്പെടാത്തത്.
സ്കൂൾവളപ്പിന്റെ ഒരുവശം അപകടാവസ്ഥയിലാണ്. മൂന്നാൾപ്പൊക്കത്തിൽ കൽക്കെട്ടില്ലാതെയുള്ള മൺതിട്ട മഴയിൽ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്കുമുൻപ് കുന്നുംഭാഗം ആശുപത്രിപ്പടി-മറ്റത്തിൽപ്പടി റോഡ് വികസനത്തിനായി സ്ഥലം വിട്ടുകൊടുത്തതാണ്. മണ്ണെടുത്തുമാറ്റി റോഡ് വീതികൂട്ടിയപ്പോൾ ഭിത്തി നിർമിച്ചുനിൽകിയില്ല.
പ്രശ്നപരിഹാരമാവശ്യപ്പെട്ട് നൽകിയ നിവേദനങ്ങളൊന്നും ഫലംകാണാതെവന്നപ്പോൾ സ്കൂൾ മാനേജ്‌മെന്റ് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരുന്നു. വിഷയത്തിലിടപെട്ട് തീർപ്പാക്കാൻ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. സംരക്ഷണഭിത്തി നിർമിക്കാൻ ചിറക്കടവ് പഞ്ചായത്തിന് നിർദേശം നൽകിയെങ്കിലും ഒരുവർഷമായിട്ടും നടപടിയായില്ല. പുതിയ പഞ്ചായത്ത് ഭരണസമിതിമുൻപാകെ സ്കൂൾ മാനേജ്‌മെന്റ് പരാതി നൽകി. സ്കൂൾമാനേജർ സുമേഷ്ശങ്കർ പുഴയനാൽ, വികസനസമിതി ചെയർമാൻ ടി.പി.രവീന്ദ്രൻപിള്ള, സെക്രട്ടറി വി.എസ്.വിനോദ്കുമാർ എന്നിവരാണ് നിവേദനം നൽകിയത്. പ്രശ്നപരിഹാരത്തിന് എന്തുചെയ്യാനാവുമെന്ന് പഠിക്കാമെന്ന് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ ഇവരോട് വിശദീകരിച്ചു.