കാഞ്ഞിരപ്പള്ളി സ്വദേശി യുവാവ് റിമാന്‍ഡിലിരിക്കേ മരണപെട്ടു ; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ..
കാഞ്ഞിരപ്പള്ളി: സാമ്പത്തികതട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീക്ക് തൈപ്പറമ്പില്‍ ആണ് കോട്ടയം മെഡി. കോളജില്‍ മരിച്ചത്. കാക്കനാട്ടെ കോവിഡ് സെന്ററില്‍ റിമാന്‍ഡില്‍ കഴിയവേ അപസ്മാരമുണ്ടായെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അതേസമയം ഷെഫീക്കിന്റെ തലയില്‍ മുറിവുകളുണ്ടെന്നും പൊലീസ് മര്‍ദനമേറ്റെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് ഷെഫീക്കിനെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചത്. അബോധാവസ്ഥയിലായ ഷെഫീക്കിന്‍റെ തലയില്‍ രക്തസ്രാവം കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയക്ക് തയാറെടുക്കുന്നതിനിടെയാണ് മരണം. മുടി നീക്കം ചെയ്തപ്പോള്‍ തലയില്‍ മുറിവുകള്‍ കണ്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ പരുക്കുകളൊന്നും പ്രകടമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ട്രഷറി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വയോധികയില്‍നിന്ന് മൂവായിരം രൂപയും സ്വര്‍ണക്കമ്മലും തട്ടിയെടുത്ത കേസില്‍ പതിനൊന്നാം തീയതിയാണ് എറണാകുളം ഉദയംപേരൂര്‍ പൊലീസ് കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍നിന്ന് ഷെഫീക്കിനെ പിടികൂടിയത്.
കസ്റ്റഡി മരണമെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. അതേസമയം ഷെഫീക്കിന് പരുക്കേറ്റതിനെക്കുറിച്ച് പരാമര്‍ശം ഒന്നുമില്ലാതെ മരണ റിപ്പോര്‍ട്ട് കാക്കനാട് ബോര്‍സ്റ്റല്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ നല്‍കി. ചൊവ്വ ഉച്ചയ്ക്ക് അപസ്മാരവും, മണിക്കൂറുകള്‍ക്കുശേഷം ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ചികില്‍സ ലഭ്യമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികില്‍സയ്ക്കാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യവുമായി കോണ്‍ഗ്രസും രംഗത്തെത്തി. അസ്വാഭാവിക മരണത്തിന് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു.