ചെറുവള്ളിയില്‍ പുതിയ പാലത്തിന് 9 കോടി 61 ലക്ഷം രൂപ അനുവദിച്ച് ടെണ്ടറായി : ഡോ.എൻ. ജയരാജ് എം എൽ എ

കാഞ്ഞിരപ്പള്ളി : 2021 ലെ പ്രളയത്തില്‍ നശിച്ചുപോയ ഇറിഗേഷന്‍ വക നടപ്പാലത്തിന് പകരം, ചെറുവള്ളിയിൽ പുതിയ പാലം നിര്‍മ്മിക്കുന്നതിന് 9 കോടി 61 ലക്ഷം രൂപ അനുവദിച്ച് പ്രവര്‍ത്തിയുടെ ടെണ്ടർ ആയതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. നവബര്‍ 25നാണ് ടെണ്ടര്‍ തുറക്കുന്നത്.

2021 ലെ പ്രളയത്തില്‍ നശിച്ചുപോയ ഇറിഗേഷന്‍ വക നടപ്പാലത്തിന് പകരമായി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വലിയ പാലമാണ് നിര്‍മ്മിക്കുന്നത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലെയും മണിമല പഴയിടം റോഡിലെ സ്ഥലങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് ഇതോടെ സാധ്യമാകുന്നത്. വളരെയധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച നടപ്പാലം വാഹനഗതാഗതത്തിന് ഉപയോഗിക്കാന്‍ സാധ്യമല്ലായിരുന്നു. രണ്ട് മീറ്ററില്‍ താഴെ മാത്രം വീതിയുളള അതിലൂടെ പരമാവധി ഓട്ടോറിക്ഷ മാത്രമാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. പുതിയ പാലം വരുന്നതോടെ വലിയ വാഹനങ്ങളടക്കം ഗതാഗതം ചെയ്യാന്‍ സാധിക്കും.

പാലം പൊളിഞ്ഞുപോയതില്‍ ജനത്തിനുണ്ടായ ബുദ്ധിമുട്ട് പൊതുമരാമത്ത്, ധനകാര്യം, റവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അവരുടെ കൂടെ പ്രത്യേക പരിഗണനയിലാണ് തുക അനുവദിച്ചത്. ഇത് സംബന്ധിച്ച് നിയമസഭയില്‍ സബ്മിഷനും അവതരിപ്പിച്ചിരുന്നു. പുതിയ വലിയ പാലത്തിനുള്ള ഡിസൈന്‍ തയാറാക്കുന്നതിന്റെ ഭാഗമായിട്ടുള്ള മണ്ണ് പരിശോധന മണിമലയാറ്റിലെ ജലനിരപ്പ് ഉയര്‍ന്ന് നിന്നതിനാല്‍ തടസം നേരിട്ടതിലാണ് സാങ്കേതിക അനുമതിയും മറ്റ് നടപടികളും വൈകിയത്. എത്രയും വേഗം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണികള്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.

error: Content is protected !!