ഓട്ടത്തിനിടെ ടോറസ് ലോറിയുടെ ടയറുകൾ ഊരിത്തെറിച്ചു.
എരുമേലി : ഓട്ടത്തിനിടെ ടോറസ് ലോറിയുടെ പിൻഭാഗത്തെ രണ്ട് ടയറുകൾ ഊരിത്തെറിച്ചു. വൻ അപകടം ഒഴിവായി. ആളപായമില്ല. ഊരിത്തെറിച്ചു പോയ ഒരു ടയർ റോഡിൽ നിന്ന് കിട്ടിയപ്പോൾ രണ്ടാമത്തെ ടയർ വനത്തിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് എരുമേലി – മുക്കട റോഡിൽ കരിമ്പിൻതോട് ഭാഗത്താണ് സംഭവം. മല്ലപ്പള്ളി ഭാഗത്തു നിന്നും എരുമേലിയിലേക്ക് ലോഡ് കയറ്റാൻ വേണ്ടി വന്ന ടോറസ് ലോറിയുടെ ടയറുകൾ ആണ് ഊരിത്തെറിച്ചത്. ഒരു ടയർ ഊരിത്തെറിച്ചു പോയത് ഡ്രൈവർ അറിഞ്ഞിരുന്നില്ല. രണ്ടാമത് ടയർ ഊരിത്തെറിച്ചപ്പോഴാണ് അറിഞ്ഞത്. ഇതോടെ പെട്ടന്ന് ലോറി റോഡിന്റെ വശം ചേർത്ത് ഒതുക്കി നിർത്തി. സമീപത്തെ ഹോട്ടലിന്റെ മുന്നിലാണ് രണ്ടാമത്തെ ടയർ തെറിച്ചു വീണത്. വഴിക്കിടെ ഊരിപ്പോയ ആദ്യ ടയർ പിന്നീട് തിരച്ചിലിൽ വനത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. ലോഡ് ഇല്ലാഞ്ഞതിനാൽ ആണ് വൻ അപകടം ഒഴിവായത്.