എരുമേലി വൃത്തിയായി സൂക്ഷിക്കുവാൻ വിശുദ്ധി സേന എത്തി

എരുമേലി : 30 വർഷം മുമ്പ് എരുമേലിയിലെത്തി ചൂൽ എടുത്ത തമിഴ്നാട്ടുകാരനായ 13 വയസുള്ള വെങ്കയ്യൻ ഉൾപ്പടെ 125 അംഗങ്ങളായി മാറിയ വിശുദ്ധി സേനയുടെ കരങ്ങളിൽ ആണ് ഇത്തവണയും എരുമേലിയുടെ വൃത്തി. ശബരിമല സീസണിൽ ഒരു നിയോഗം പോലെ കുറഞ്ഞ വേതനത്തിൽ എരുമേലി ടൗണിന്റെ ശുചീകരണം നടത്തുന്ന ഇവർ ഇത്തവണയും എത്തി ശുചീകരണ ജോലിയ്ക്ക് തുടക്കമിട്ടു.

ഇക്കഴിഞ്ഞ 30 വർഷത്തിനിടെ പ്രളയവും കോവിഡും തീർത്ഥാടനകാലം മുടക്കിയ രണ്ട് വർഷം മാത്രമാണ് അത് മുടങ്ങിയത്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും 1000 അംഗ വിശുദ്ധി സേനയാണ് തീർത്ഥാടന കാലത്തിൽ സേവനത്തിനെത്തുന്നത്. അയ്യപ്പ സേവാ സംഘത്തിന്റെ ആദ്യകാല പ്രസിഡന്റ് ശ്രീനിവാസൻ പതിറ്റാണ്ടുകൾക്ക്‌ മുമ്പ് ശബരിമല സന്നിധാനം വൃത്തിയാക്കാൻ കൂട്ടിക്കൊണ്ടുവന്നതാണ് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലുള്ള ഒരു പറ്റം ആളുകളെ. അയ്യപ്പ സന്നിധിയിൽ തൊട്ടടുത്ത് നിന്ന് സേവനം ചെയ്യാൻ അവസരം ലഭിച്ചത് മഹാ ഭാഗ്യമായി കണ്ട അവർ അതിന് കൂലിയുടെ കണക്ക് പറഞ്ഞില്ല. പകരം അടുത്ത വർഷവും ഈ ജോലി ചെയ്യാനുള്ള അനുവാദം ആണ് അവർ തേടിയത്. അനുമതി കിട്ടിയതോടെ പിന്നെ ഓരോ വർഷവും അവർ അത് ജീവിത നിയോഗം പോലെ ഏറ്റെടുത്തു.

തുച്ഛമായ വേതനത്തേക്കാൾ സന്നിധാനവും പരിസരവും ശുചീകരിക്കാനുള്ള ആഗ്രഹം പിന്തുടർന്നതോടെ ആ മഹാത്മ്യം ഉൾക്കൊണ്ട് അവർക്ക് വിശുദ്ധിസേനയെന്ന പേര് അയ്യപ്പ സേവാ സംഘം ഭാരവാഹികൾ മുഖേനെ പതിയുകയായിരുന്നു. ഒപ്പം എരുമേലിയുടെ വൃത്തിയും ആ കരങ്ങളിലായി. ഇടയ്ക്ക് ആ പഴയ തലമുറ മാറിയെങ്കിലും പതിവ് മുടങ്ങിയില്ല. തലമുറകൾ കടന്ന് പാരമ്പര്യ നിയോഗം പോലെ അടുത്ത തലമുറയും എത്തിക്കൊണ്ടിരിക്കുന്നു.

എല്ലാ വർഷവും വൃശ്ചികം ഒന്നു മുതൽ 65 ദിവസമാണ് ഇവരുടെ സേവന കാലാവധി. ഒരംഗത്തിന് ദിനംപ്രതി 450 രൂപയാണ് വേതനം. ഇത്തവണ നൂറ് രൂപ വർധിപ്പിച്ചിട്ടുണ്ട്. വേതനം നൽകുന്നതിനൊപ്പം ദേവസ്വം ബോർഡ് ആണ് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നത്. ജോലിയുടെ മേൽനോട്ടം. എരുമേലിയിൽ ആദ്യം വിശുദ്ധി സേനയുടെ ലീഡർ ആയിരുന്ന ഉദയസൂര്യന്റെ മകൻ ആണ് ഏതാനും വർഷങ്ങളായി ഇപ്പോൾ സേനയുടെ ലീഡർ സ്ഥാനം വഹിക്കുന്നത്. എല്ലാ വർഷവും ശബരിമല സീസണിൽ എരുമേലിയിലാണ് ഇവരുടെ ക്രിസ്തുമസ് ആഘോഷം.

error: Content is protected !!