മാറാതെ മഴ; പൊള്ളുന്ന ചൂടും; പനി പടരുന്നു ..
കാഞ്ഞിരപ്പള്ളി :മാറാതെ മഴ, പൊള്ളുന്ന ചൂടും… തണുപ്പില്‍ കുളിരേണ്ട ഡിസംബറില്‍ ഇത്തവണ പരിചിതമല്ലാത്ത കാലാവസ്‌ഥ. കനത്ത മഴപെയ്തു തീരുമ്പോൾ പകല്‍ പൊള്ളുന്ന വെയിലും ജനങ്ങളെ ദുരിതത്തിലാക്കുന്നു.
കഴിഞ്ഞ ദിവസം കോട്ടയം ജില്ലയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 35.2 ഡിഗ്രിയായിരുന്നു. പുനലൂരില്‍ രേഖപ്പെടുത്തിയത് 35.6 ഡിഗ്രി മാത്രം. ചൂടില്‍ കോഴിക്കോടിനൊപ്പം കോട്ടയവും രണ്ടാംസ്‌ഥാനത്തായിരുന്നു. നിലവില്‍, ഇതാണ് ചൂടെങ്കില്‍ വരാനിരിക്കുന്ന വേനലില്‍ അവസ്‌ഥ എന്താകുമെന്നതാണ് ആശങ്ക വര്‍ധിക്കാനുള്ള കാരണം.
ഇതിനൊപ്പമാണ് മഴ വീണ്ടും ശക്‌തി പ്രാപിക്കുമെന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കിഴക്കന്‍ മേഖലകളില്‍ ശക്‌തമായ മഴ പെയ്‌തിരുന്നു. മഴ തുടരുമെന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തുലാവര്‍ഷ മഴ നിലവില്‍ ജില്ലയില്‍ 28 ശതമാനം അധികം പെയ്‌തിരുന്നു. ഇന്നലെ വരെയുള്ള കണക്കു പ്രകാരം 547.5 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ 699.2 മില്ലീ മീറ്റര്‍ മഴ പെയ്‌തു. കാലവര്‍ഷത്തിലുണ്ടായ 38 ശതമാനത്തിന്റെ കുറവ് ഇതോടെ പരിഹരിക്കപ്പെടുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ.
സാധാരണ നവംബര്‍ അവസാന വാരത്തോടെ മഴയുടെ ശക്‌തി കുറഞ്ഞ് തണുപ്പ് വര്‍ധിച്ചു തുടങ്ങുന്നതായിരുന്നു രീതി. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി ഡിസംബറില്‍ മഴ തുടരുന്ന കാഴ്‌ചയാണ്. ഇതോടെ, തണുപ്പും മഞ്ഞും അകന്നു നില്‍ക്കുകയാണ്.
ചൂടും മഴയും മാറി മറിഞ്ഞു പനി പടരുന്നു
ചൂടും മഴയും മാറി മറിഞ്ഞതോടെ പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം ഏഴിനു ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 531 പനി ബാധിതരായി ചികിത്സ തേടി. ഡെങ്കി, എലിപ്പനി, എച്ച് 1 എന്‍ 1 എന്നിവയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴിനു രണ്ടു പേരില്‍ ഡെങ്കി സ്‌ഥിരീകരിച്ചപ്പോള്‍ ഒമ്പതു പേര്‍ രോഗം സംശയിച്ചു ചികിത്സയിലാണ്.
ജലദോഷം, തൊണ്ടയടപ്പ് തുടങ്ങിയവ ബാധിച്ചും ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
കഠിനമായ ചുമ, പനി തുടങ്ങിയ രോഗങ്ങളുള്ളവര്‍ പൊതുചടങ്ങുകള്‍, ആഘോഷ പരിപാടികള്‍ എന്നിവിടങ്ങളില്‍ നിന്നുവിട്ടുനില്‍ക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്നു ചികിത്സ തേടണം. വിദ്യാര്‍ഥികളുടെ ആരോഗ്യം ഉറപ്പാക്കാന്‍ അദ്ധ്യാപകരും പി.ടി.എയും പ്രത്യേക ശ്രദ്ധിക്കണം. പനിയും ജലദോഷവും ബാധിച്ച കുട്ടികളെ സ്‌കൂളില്‍ അയയ്‌ക്കരുത്. മെഡിക്കല്‍ കിറ്റുകള്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം. കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്.