എരുമേലി വിമാനത്താവളം : ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി
എരുമേലി : നിർദിഷ്‌ട ശബരിമല അന്താരാഷ്ട്ര വിമാനത്താവളത്തിന് . ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 8 പ്രകാരമാണ് ഇപ്പോൾ ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
വിമാനത്താവള പദ്ധതിയ്ക്കായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതിനുളള ഉത്തരവ് പുറത്തിറക്കിയത്.
ഹാരിസൺ മലയാളം കമ്പനി, ബിലീവേഴ്സ് ചർച്ചിന് വിറ്റ ചെറുവളളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്.എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമിയാണിത്. സാമൂഹികാഘാത പഠനത്തിന്റെയും ജില്ലാ കളക്ടറുടെ റിപോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്.
ഭൂഉടമയ്ക്ക് നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുക്കേണ്ടതെങ്കിലും ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സർക്കാർ തന്നെ സിവിൽ കേസ് നൽകിയിട്ടുളളതിനാൽ ബിലീവേഴ്സ് ചർച്ചിന് പണം നൽകില്ല. കേസ് തീരുന്ന മുറയ്ക്ക് കോടതിയിൽ പണം കെട്ടിവെയ്ക്കാനാണ് തീരുമാനം.കേസിൽ പെട്ട ഭൂമിയായതിനാൽ ഇപ്പോൾ പണം നൽകില്ല. വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കും ഭൂമി ഏറ്റെടുക്കുക.എരുമേലി മണിമല വില്ലേജുകളിലെ സ്വകാര്യ വ്യക്തികളുടെ 160 ഏക്കർ ഭൂമിയും ഏറ്റെടുക്കുന്നുണ്ട് .ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി നിർണയം കഴിഞ്ഞു പെഗ് (കുറ്റി ) സ്ഥാപിക്കൽ നടക്കുകയാണ് . വിമാനത്താവള റണ്‍വേ എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ച് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമായിരിക്കും.