കണമല അട്ടിവളവിൽ വീണ്ടും അപകടം ; നിയന്ത്രണം തെറ്റിവന്ന ലോറി രണ്ട് ബസ്സുകളിൽ ഇടിച്ചു
എരുമേലി : കണമല അട്ടിവളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു .. വ്യാഴാഴ്ച വൈകിട്ട് കരിക്ക് ലോഡുമായി ഇറക്കം ഇറങ്ങിവന്ന കണമല അട്ടിവളവിൽ നിയന്ത്രണം തെറ്റി എതിരെ കയറ്റം കയറി വന്ന തീർത്ഥാടക ബസിൽ ഇടിച്ചു . തുടർന്ന് ആ ബസിന് പിന്നിൽ വന്ന കെഎസ്ആർടിസി ബസിലും ലോറി ഇടിച്ചു.
ലോറി ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് സാരമായ പരിക്ക് ഏറ്റു. മൂന്ന് വാഹനങ്ങളിലെയും യാത്രക്കാർക്ക് ചെറിയ പരിക്കുകൾ ഉണ്ട്. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും എരുമേലി സർക്കാർ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിക്ക് ഏറ്റവരെ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഏറെ സമയം കണമല പാതയിൽ ഗതാഗതം നിശ്ചലമായി. മുക്കൂട്ടുതറയിൽ നിന്നും വാഹനങ്ങൾ കണമലയിലേക്ക് വിടാതെ പോലിസ് തടഞ്ഞു. കണമല – ഇടകടത്തി സമാന്തര പാത വഴി വാഹനങ്ങളെ വഴി തിരിച്ചു വിട്ടു. ഒപ്പം ആംബുലൻസ്, ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് പോകാൻ കണമല പാതയിൽ ഗതാഗത നിര റോഡിന്റെ ഒരു വശത്തേക്ക് മാറ്റി പോലിസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. മുതിർന്ന പോലിസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യു ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ അപകട സ്ഥലത്ത് എത്തിയിരുന്നു. ക്രയിൻ യുണിറ്റ് ഉപയോഗിച്ച് അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.