കാഞ്ഞിരപ്പള്ളി രൂപതയുടെ ശാന്തിദൂതിന് തുടക്കമായി: ക്രിസ്മസ് ഗ്രാമം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ശാന്തിദൂത് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. 23 വരെ തുടരും .
മഹാജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ക്രിസ്മസ് ഗ്രാമം ചാണ്ടി ഉമ്മൻ എം ,എൽ,എ ഉദ്ഘാടനം ചെയ്തു. തുടർന്ന് ധ്രുവ് ബാന്‍റും നാദം കലാസമിതിയും ചേർന്ന് അവതരിപ്പിച്ച ചെണ്ട വയലിൻ ഫ്യൂഷൻ നടന്നു.

വെള്ളിയാഴ്ച വൈകുന്നേരം ആറിന് സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവകയിലെ ക്രിസ്മസ് ആഘോഷം നടക്കും. ജോർജുകുട്ടി അഗസ്തി ക്രിസ്മസ് സന്ദേശം നൽകും. രാത്രി ഏഴിന് സംഗീതസംവിധായകൻ ജോബ് കുര്യന്റെ ലൈവ് മ്യൂസിക് ഷോ നടക്കും, തുടർന്ന് എട്ടിന് ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് ഡാൻസ്.

ശനിയാഴ്ച വൈകുന്നേരം അഞ്ചിന് പഴയപള്ളിയിൽ നിന്ന് കത്തീഡ്രലിലേക്ക് നടത്തുന്ന മഹാറാലി മാർ മാത്യു അറയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. ആർച്ച് പ്രിസ്റ്റും കത്തീഡ്രൽ വികാരിയുമായ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് സിനിമ താരം ജോണി ആന്‍റണി, മ്യൂസിക് ഡയറക്ടർ സ്റ്റീഫൻ ദേവസ്യ എന്നിവർ പങ്കെടുക്കുന്ന മെഗാ സ്റ്റേജ് ഷോ. എട്ടിന് കത്തീഡ്രൽ ഇടവകയിലെ 200 കലാകാരൻമാരും കലാകരികളും അണിനിരക്കുന്ന കലാസന്ധ്യയും നടക്കും.

മഹാറാലിക്ക് മാറ്റുകൂട്ടാൻ കുതിരപ്പുറത്തേന്തിയ മൂന്ന് രാജാക്കൻമാർ, കാളവണ്ടി, ഒട്ടകം, കഴുത എന്നിവയോടൊപ്പം നസ്രാണി കപ്പിൾസ്, സീനിയർ, ജൂണിയർ പാപ്പാ മത്സരങ്ങളും സംഘടിപ്പിക്കും. നസ്രാണി കപ്പിൾസ് മത്സരത്തിന് 5001, 3001, സീനിയർ, ജൂണിയർ പാപ്പാ മത്സരങ്ങൾക്ക് 5001, 3001 രൂപ വീതം യഥാക്രമം കാഷ് അവാർഡ് നൽകും.

error: Content is protected !!