ഇരട്ടി വേദന ; കണ്ണിമലയിലെ അപകടത്തിൽ സ്‌കൂൾ വിദ്യാർത്ഥികളായ ജെഫിനു പിന്നാലെ നോബിളും മരണത്തിന് കീഴടങ്ങി.
എരുമേലി : കണ്ണിമലയിൽ കഴിഞ്ഞ ദിവസം സ്‌കൂട്ടറും തീർത്ഥാടക ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 വയസ്സുകാരായ സ്‌കൂൾ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. ഏന്തയാർ മർഫി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ജെഫിനും, കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ നോബിളുമാണ് അപകടത്തിൽ മരണപ്പെട്ടത്.
എപ്പോഴും പ്രസരിപ്പോടെ കണ്ട രണ്ട് വിദ്യാർത്ഥികൾ ഒരേ പോലെ നഷ്‌ടമായാതിന്റെ വേദനയിൽ കണ്ണീർക്കയത്തിലായിരുന്നു കണ്ണിമലയെന്ന നാട്. വിടരും മുൻപേ കൊഴിഞ്ഞ ജെഫിനും നോബിളിനും വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് നാട് അന്ത്യോപചാരമർപ്പിച്ചു. ഇരുവരുടെയും വീടുകളിൽ വൻ ജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിക്കുവാൻ തടിച്ചു കൂടിയത്. ഇരുവരുടെയും സംസ്കാരം കണ്ണിമല സെന്റ് ജോസഫ് പള്ളിയിൽ വൈകുന്നേരം നടന്നു.
വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ മുണ്ടക്കയം എരുമേലി റൂട്ടിൽ കണ്ണിമലയിൽ വച്ചായിരുന്നു ആയിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. മഠംപഠി എസ് വളവിനും സ്കൂളിനും ഇടയിൽ ചെറിയ വളവിൽ ഇരു വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. യുവാക്കൾ മുണ്ടക്കയത്തു നിന്നും മഞ്ഞളരുവി ഭാഗത്തേക്ക് പോവുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസിലാണ് സ്കൂട്ടർ ഇടിച്ചത്
കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിക്ക് ആണ് നാടിനെ ദുഃഖത്തിലാക്കിയ അപകടമുണ്ടായത്. സ്കൂട്ടറിൽ സഞ്ചരിച്ച ജെഫിനും നോബിളും കണ്ണിമല വളവിന് സമീപം ശബരിമല തീർത്ഥാടക വാഹനത്തിൽ ഇടിച്ച് അപകടത്തിൽപെടുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ ജെഫിൻ മരണപ്പെട്ടു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന നോബിൾ രാത്രിയിൽ മരണപ്പെടുകയായിരുന്നു. കണ്ണിമല പാലയ്ക്കൽ ജോർജ്, സാലി ദമ്പതികളുടെ മകനായ ജെഫിൻ ഏന്തയാർ മാർഫി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. സഹോദരങ്ങൾ ജെറിൻ, ജസ്റ്റി. കണ്ണിമല പരേതനായ തോമസിന്റെ മകൻ നോബിൾ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു. അമ്മ സോളി തോമസ്. സഹോദരൻ ജോർജ്കുട്ടി.