നസ്രാണി യുവശക്തി മഹാസംഗമം 26 ന് പൊടിമറ്റത്ത്..
കാഞ്ഞിരപ്പള്ളി: രൂപത യുവജന സംഗമം നസ്രാണി യുവശക്തി മഹാസംഗമം 26ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. എസ്.എം.വൈ.എം കാഞ്ഞിരപ്പള്ളി രൂപത സമിതി നേതൃത്വം നൽകുന്ന സംഗമത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ 12 ഫൊറോനകൾ ഉൾകൊള്ളുന്ന 147 ഇടവകകളിൽനിന്നായി നാലായിരത്തിലധികം യുവജനങ്ങൾ പങ്കെടുക്കും.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തും. ശശി തരൂർ എം.പി നസ്രാണി യുവശക്തി മഹാ സംഗമത്തിന്‍റെ വിശിഷ്ട അതിഥിയായിരിക്കും. യുവജനങ്ങളുടെ ബൗദ്ധിക ആത്മീയ സാമൂഹിക കഴിവുകളെ പ്രചോദിപ്പിക്കുന്ന പ്രഭാഷണവും യുവജനങ്ങളുമായി നേരിട്ട് നടത്തുന്ന സംവാദവും സംഗമത്തിന്‍റെ മുഖ്യ ആകർഷണീയതയായിരിക്കും. രൂപത പ്രസിഡന്‍റ് അതുൽ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും.
രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പ്രസംഗിക്കും.
സംഗീത സംവിധായകനും ഗായകനുമായ ജോബ് കുര്യൻ നയിക്കുന്ന ലൈവ് ബാൻഡ് ഉണ്ടായിരിക്കും. 26 രാവിലെ 10ന് മണിക്ക് വിശിഷ്ട അതിഥികളെ ആനയിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്‍ററിൽ നിന്നു ബൈക്ക് റാലി സംഘടിപ്പിക്കും. പൊടിമറ്റം ജംഗ്ഷനിൽ വിശിഷ്ടാതിഥികൾക്ക് സ്വീകരണവും തുടർന്ന് സമ്മേളന ഹാളിലേക്ക് റാലിയും നടത്തും. തന്‍റെ പൗരോഹിത്യ ശുശ്രൂഷയിലൂടെ സാമൂഹത്തിൽ അനേകർക്ക് തണലാകുന്ന, ഉപവി പ്രവർത്തനങ്ങളിലൂടെ മാതൃകയാകുന്ന മലനാട് ഡവലപ്പ്മെന്‍റ് സൊസൈറ്റിയുടെ ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിലിനെ സംഗമത്തിൽ ആദരിക്കും. യുവജന പ്രേഷിതപ്രവൃത്തനങ്ങൾക്കുള്ള വാലിയന്‍റ പുരസ്‌കാരങ്ങൾ അമൽ സിറിയക്ക്, ജസ്റ്റിൻ പള്ളിവാതുക്കൽ, അലോക ബെന്നി എന്നിവർക്ക് സമ്മാനിക്കും.
കോമഡി ഉത്സവിലൂടെ പ്രശ്സ്തനായ യൂണിവേഴ്സൽ ലോക റെക്കോർഡ് ജേതാവായ അഞ്ചാം ക്ലാസുകാരൻ ജോസകുട്ടി എൽബിന്‍റെ പ്രകടനവും സംഗമത്തിന്‍റെ ഭാഗമാകും. സമ്മേളനത്തിന് പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന യുവജനങ്ങൾക്ക് പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഗ്രൗണ്ട്, സെന്‍റ് ഡൊമിനിക്സ് കോളജിന്‍റെ ഗ്രൗണ്ട് എന്നിവ പാർക്കിംഗിനായി ക്രമീകരിച്ചിട്ടുണ്ട്.
ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, ബ്രദർ. സിജോ വടക്കേടത്ത്, അതുൽ കൊല്ലംപറമ്പിൽ, അനൈറ്റ് കണ്ടത്തിൽ, ഷോൺ കണ്ണക്കുഴിയിൽ, ക്രിസ്ബിൻ ഇലവുങ്കൽ, ആൽബിൻ കളപ്പുരയ്ക്കൽ,
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.