മണ്ഡലകാലം അവസാനിച്ചു :
ഇനി മകരവിളക്ക് തിരക്കിനായി വിശ്രമത്തിൽ എരുമേലി; മെഗാ ക്ലീനിങ്ങിന്  തുടക്കമായി..

എരുമേലി : 41 ദിനങ്ങൾ നീണ്ട ശബരിമല മണ്ഡലകാലം അവസാനിച്ചതോടെ താത്കാലിക വിശ്രമത്തിൽ എരുമേലി . ഇനി ഈ മാസം 31 വരെ വിശ്രമത്തിലാണ് വ്യാപാരികൾ.31 ന് വൈകിട്ട് ശബരിമല നട തുറക്കും. അതോടെ എരുമേലിയും തിരക്കിന്റെ പരിവേഷമണിയും. തുടർന്ന് ജനുവരി 21 ഓടെ മകരവിളക്ക് തീർത്ഥാടന കാലം സമാപിക്കും. 

പവിത്രം എരുമേലി പദ്ധതി ഭാഗമായി  മണ്ഡല കാല മെഗാ ശുചികരണം എരുമേലിയിൽ നടന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും, ആരോഗ്യവകുപ്പിന്റെയും, നേതൃത്വത്തിൽ വിശുദ്ധി സേന അടക്കം സന്നദ്ധ-സേവന സംവിധാനങ്ങൾ എല്ലാം ഉൾപ്പെടുത്തിയാണ് എരുമേലിയിൽ  മെഗാ ക്ലീനിങ് നടത്തുന്നത്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ചു.  നോഡൽ ഓഫീസ്സർ ഡോ. റെക്സൺ പോൾ ശുചീകരണ സന്ദേശം നടത്തി. ഹെൽത്ത്‌ ഉദ്യോഗസ്ഥരായ വിജി തോമസ്, സന്തോഷ് ശർമ എന്നിവർ നേതൃത്വം നൽകി.

മണ്ഡലകാലത്തെക്കാൾ വലിയ തോതിൽ തീർത്ഥാടകർ മകരവിളക്ക് സീസണിൽ ആണ് എത്തുന്നത്. വന പാത വഴി പോകുന്നവരുടെ എണ്ണവും മകരവിളക്ക് സീസണിൽ വർധിക്കും. ചന്ദനക്കുടം, പേട്ടതുള്ളൽ, മകരജ്യോതി ദർശനം ഉൾപ്പടെ വമ്പിച്ച തീർത്ഥാടക തിരക്ക് അനുഭവപ്പെടുക മകരവിളക്ക് സീസണിലാണ്. ഇത് മുൻനിർത്തി പോലീസിന്റെ അംഗ ബലം വർധിപ്പിക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. മണ്ഡലകാലത്ത് വിവിധ വകുപ്പുകളിൽ  ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥർ മടങ്ങി. പകരം ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ ചുമതല ഏൽക്കും.
കെ ,എസ്.ആർ,ടി.സി സ്പെഷ്യൽ സർവീസിന് ഇത്തവണ കാര്യമായ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മണ്ഡല കാലത്തുണ്ടായ ഗതാഗത നിയന്ത്രണം വരുമാനത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. അതേസമയം പാർക്കിംഗ് ഗ്രൗണ്ടുകൾക്ക്‌ ചാകരയായിരുന്നെന്ന് പറയുന്നു. വൻ തോതിൽ ശബരിമലയിൽ തിരക്ക് കൂടിയത് മൂലം എരുമേലിയിൽ വാഹനങ്ങൾ പോലിസ് പിടിച്ചിട്ടത് പാർക്കിംഗ് ഗ്രൗണ്ടുകൾക്ക് നേട്ടമായി. പാർക്കിംഗ് ഫീസ് വർധിപ്പിച്ചതും വരുമാനം കൂട്ടാൻ സഹായിച്ചു. ദേവസ്വം ബോർഡിന്റെ ഫീസ് നിരക്കിനെക്കാൾ കൂടിയ തുകയാണ് സ്വകാര്യ ഗ്രൗണ്ടുകളിൽ ഈടാക്കുന്നതെന്ന പരാതി ഉയർന്നിരുന്നു .
              നാൽപ്പൊതൊന്നുകൊണ്ട് മുടക്കുമുതൽ തിരികെ പിടിച്ചു മകരവിളക്കുകാലത്തുള്ളത് ലാഭം എന്നതാണ് വ്യാപാരിക ളുടെ പരമ്പരാഗത കാഴ്ചപ്പാട്.

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിച്ചിരുന്ന കടകൾ താത്കാലികമായി അടച്ചു. രണ്ടു ഷിഫ്റ്റുകളിലായി നൂറുകണക്കിന് തൊഴിലാളികളാണ് ഇവിടൊക്കെയും ഉണ്ടായിരുന്നത്. കന്യാകുമാരി, വേളാംകണ്ണി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തൊഴിലാളികളിൽ കൂടുതലും. മിക്കവരും നാട്ടിലേക്ക് മടങ്ങി. മുപ്പതോടെ എല്ലാവരും തിരിച്ചെത്തും. ഇരുപതുമിരുപത്തഞ്ചും വർഷമായി സ്ഥിരമായെത്തുന്നവരാണ് മിക്കവരും. ഭാഷാ സംബന്ധമായ വിപണന സാധ്യത മുന്നിൽ കണ്ടാണ് ഹോട്ടൽ, സ്റ്റുഡിയോ എന്നിവിടങ്ങളിൽ ഇവരെ കൂടുതലായും നിയമിക്കുന്നത്

error: Content is protected !!