എരുമേലി ചന്ദനക്കുടം ഉത്സവത്തിന് കൊടിയേറി ; ജനുവരി 11 ന് ചന്ദനക്കുടം ഘോഷയാത്ര. 12 -ന് പേട്ടതുള്ളൽ.
എരുമേലി: പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ഉത്സവത്തിന് കൊടിയേറി. ജനുവരി പതിനൊന്നിനാണ് , പ്രസിദ്ധമായ ചന്ദനക്കുടം ഘോഷയാത്ര. 12 -ന് എരുമേലി പേട്ടതുള്ളൽ.
ലോകമെങ്ങും അറിയപ്പെടുന്ന എരുമേലിയുടെ മതമൈത്രിയുടെ ആഘോഷത്തിനാണ് തിങ്കളാഴ്ച നൈനാർ ജുമാ മസ്ജിദിൽ കൊടി ഉയർന്നത്. അയ്യപ്പ ഭക്തർക്ക് മുസ്ലിം ജമാഅത്ത് പകരുന്ന അഭിവാദ്യമാണ് ചന്ദനക്കുട ആഘോഷവും അതിന് പത്ത് ദിവസം മുമ്പുള്ള കൊടിയേറ്റും.
എരുമേലിയിൽ എത്തുന്ന ഏതൊരു അയ്യപ്പ ഭക്തനും ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം എതിരെയുള്ള നൈനാർ ജുമാ മസ്ജിദിൽ കയറി വലം ചുറ്റിയ ശേഷം ആണ് പേട്ടതുള്ളി ശബരിമല യാത്ര തുടരുക. കാലങ്ങളായുള്ള ഈ ആചാരം ആണ് ലോകത്ത് മതമൈത്രിയുടെ നാടാക്കി എരുമേലിയ്ക്ക് കീർത്തി നിറച്ചത്. ഈ മാസം 11 നാണ് ചന്ദനക്കുട ആഘോഷം. അന്ന് വൈകിട്ട് വർണ ശബളമായ ഘോഷയാത്ര നാട് ചുറ്റും. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും വ്യാപാരി സംഘടനകളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകിയതിനൊടുവിൽ ക്ഷേത്രത്തിൽ ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ച് ഘോഷയാത്രയെ വരവേൽക്കും.
പുലർച്ചെയോടെ ചന്ദനക്കുട റാലി മസ്ജിദിൽ മടങ്ങി വന്ന ശേഷം രാവിലെ ആണ് ഐതിഹ്യ പ്രസിദ്ധമായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുക. സംഘത്തെ മസ്ജിദിൽ സ്വീകരിക്കും. തുടർന്ന് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ കഴിയുന്നതോടെ മകരവിളക്ക് ഉത്സവകാലത്തെ എരുമേലിയിലെ ആഘോഷങ്ങൾ പൂർണമാകും.
ഇന്നലെ മസ്ജിദിൽ നടന്ന കൊടിയേറ്റിന് ഭാരവാഹികൾ നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ് ഹാജി പി എ ഇർഷാദ് കൊടിയേറ്റ് നിർവഹിച്ചു. ഭാരവാഹികളും കമ്മറ്റി അംഗങ്ങളുമായ സിഎഎം കരീം, വി പി അബ്ദുൽ കരീം, സി യു അബ്ദുൽ കരീം, നിസാർ പ്ലാമ്മൂട്ടിൽ, അൻസാരി പാടിയ്ക്കൽ, ഷിഹാബ് പുതുപ്പറമ്പിൽ, ഫൈസൽ മാവുങ്കൽപുരയിടം, അജ്മൽ അഷറഫ്, നൗഷാദ് കുറുംകാട്ടിൽ, നാസർ പനച്ചി, നൈസാം. പി. അഷ്‌റഫ്, സലിം കണ്ണങ്കര, അഡ്വ. പി എച്ച്. ഷാജഹാൻ, മിഥുലാജ് പുത്തൻവീട് തുടങ്ങിയവർ പങ്കെടുത്തു.