ശബരിമലയിൽ വൻ തിരക്ക് ; എരുമേലിയിൽ തീർത്ഥാടകരുടെ വാഹനങ്ങൾ പോലീസ് തടഞ്ഞു ; തീർത്ഥാടകർ റോഡ് ഉപരോധിച്ചു
എരുമേലി : നിലയ്ക്കലും പമ്പയിലും തിരക്ക് കൂടിയതോടെ എരുമേലിയിൽ പോലീസ് തീർത്ഥാടകരുടെ വാഹനങ്ങൾ താത്കാലികമായി തടഞ്ഞു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്ത് തീർത്ഥാടക വാഹനങ്ങൾ പമ്പയിലേക്ക് വിടാതെ പോലിസ് തടഞ്ഞിടുകയായിരുന്നു. ഇതേസമയത്ത് കെഎസ്ആർടിസി ബസുകളെയും നാട്ടുകാരുടെ വാഹനങ്ങളെയും പോലിസ് കടത്തി വിടുന്നുണ്ടായിരുന്നു. നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞെന്നും ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് ഇനി ഉടനെ പമ്പ റൂട്ടിലേക്ക് കെഎസ്ആർടിസി ഒഴികെ വാഹനങ്ങളൊന്നും വിടില്ലെന്ന് പോലിസ് അറിയിച്ചിരുന്നു.
ഇതേചൊല്ലി അയ്യപ്പ ഭക്തരും പോലീസും തമ്മിൽ തർക്കം മുറുകി. തങ്ങളുടെ വാഹനങ്ങൾ വിടുന്നില്ലെങ്കിൽ മറ്റ് വാഹനങ്ങൾ പോകാൻ അനുവദിക്കില്ലെന്ന് ഭക്തർ പറഞ്ഞു. ഇതോടെ ഭക്തർ കൂട്ടത്തോടെ റോഡിൽ ഇരുന്ന് ഉപരോധം തുടങ്ങി. ഗതാഗതം പൂർണമായി സ്തംഭിച്ചതോടെ പോലീസുമായി സംഘർഷത്തിലേക്കെത്തി.
പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, എസ് ഐ ശാന്തി ബാബു എന്നിവർ ഭക്തരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ നാട്ടുകാർ ഭക്തരുമായി സംസാരിച്ചു. ഉപരോധം അവസാനിപ്പിക്കണമെന്നും തീർത്ഥാടക വാഹനങ്ങൾ കടത്തി വിടാൻ സൗകര്യം ഒരുക്കാമെന്നും നാട്ടുകാർ പറഞ്ഞു. ഇതോടെ ഉപരോധം നിർത്തി ഭക്തർ മാറിയതോടെ ആണ് ഒന്നര മണിക്കൂർ നീണ്ട ഗതാഗത സ്തംഭനം ഒഴിഞ്ഞത്.
ഇത്തവണത്തെ ശബരിമല സീസണിൽ ദിവസവും എരുമേലി ഉൾപ്പടെ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിന് കാരണമാകുന്നത് അനിയന്ത്രിതമായ തീർത്ഥാടക പ്രവാഹം മൂലമാണെന്ന വാദം തെറ്റാണെന്ന് നാട്ടുകാർ. 2018 ലെ പ്രളയത്തിൽ പമ്പ – നിലയ്ക്കൽ റോഡ് തകർന്നതിനെ തുടർന്ന് ഈ റൂട്ടിൽ കെഎസ്ആർടിസി ബസിൽ മാത്രം തീർത്ഥാടക യാത്ര മതിയെന്ന തീരുമാനം ഇപ്പോഴും തുടരുന്നതാണ് ഇത്തവണത്തെ ഗതാഗത സ്തംഭനത്തിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു.2018 ലെ പ്രളയത്തിന് ശേഷമുള്ള സീസണിൽ പ്രളയാനന്തര കെടുതികൾ മൂലവും തുടർന്നുള്ള വർഷങ്ങളിൽ യുവതീ പ്രവേശന വിവാദവും കോവിഡ് നിയന്ത്രണങ്ങൾ മൂലവും തീർത്ഥാടകർ കൂടുതലായി എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ പമ്പ – നിലയ്ക്കൽ റൂട്ടിലെ നിയന്ത്രണം പ്രതികൂലമായി ബാധിച്ചില്ല. അതേസമയം ഇത്തവണ കോവിഡ്, യുവതീ പ്രവേശന വിഷയങ്ങളൊന്നും ഇല്ലാതെ തികച്ചും സമാധാനപരമായ അന്തരീഷം ആയതിനാൽ തീർത്ഥാടക വരവിൽ നിയന്ത്രണങ്ങളില്ല. എന്നാൽ 2018 ലെ പ്രളയത്തെ തുടർന്ന് ഏർപ്പെടുത്തിയ പമ്പ – നിലയ്ക്കൽ റൂട്ടിലെ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. ചെറിയ വാഹനങ്ങളെ ഈ റൂട്ടിൽ കടത്തി വിടുമെന്ന് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലയ്ക്കലിൽ തടയുകയാണ്.
ഇത്തവണ ഏതൊരു ഭക്തനും വാഹനത്തിൽ എത്തിയാൽ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം ഇട്ട ശേഷം കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് പോകണമെന്നാണ് നിർദേശം. തുടർന്ന് പമ്പയിൽ നിന്നും സന്നിധാനത്ത് എത്തി മണിക്കൂറുകൾ ക്യൂവിൽ നിന്ന് ദർശനം നടത്തിയ ശേഷം തിരികെ പമ്പയിൽ എത്തണം. അവിടെ നിന്ന് വീണ്ടും കെഎസ്ആർടിസി ബസിൽ നിലയ്ക്കലിൽ എത്തണം. ഇതിന് ശേഷം ആണ് പാർക്കിംഗ് ഗ്രൗണ്ടിൽ വന്ന് വാഹനത്തിൽ കയറി തിരികെ മടങ്ങേണ്ടത്. ഇതിനെല്ലാമായി ഒരു ദിവസം സമയം വേണ്ടി വരുന്നെന്ന് പറയുന്നു. ഇത്രയും സമയം ഓരോ തീർത്ഥാടക വാഹനവും നിലയ്ക്കലിൽ പാർക്കിംഗ് ഗ്രൗണ്ടിൽ തങ്ങണം. ഇങ്ങനെ സമയം ഏറെ തങ്ങേണ്ടി വരുന്നതിനാൽ പാർക്കിംഗ് ഗ്രൗണ്ട് നിറയുകയാണ്. ഇത് മൂലം വാഹനങ്ങളെ പാർക്കിംഗ് ഗ്രൗണ്ടിൽ കയറ്റാതെ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നത് മൂലമാണ് എരുമേലി ഉൾപ്പടെ റൂട്ടുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തീർത്ഥാടക വാഹനങ്ങൾ തടഞ്ഞിടേണ്ടി വരുന്നതെന്ന് നാട്ടുകാർ പറയുന്നു.
2018 ലെ പ്രളയത്തിന് മുമ്പുള്ള സീസൺ കാലങ്ങളിൽ ഒരിക്കൽ പോലും മണ്ഡല കാലത്ത് എരുമേലി ഉൾപ്പടെ പ്രദേശങ്ങളിൽ മണിക്കൂറുകളോളം വാഹനങ്ങൾ തടഞ്ഞിടേണ്ടി വന്നിട്ടില്ല. ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിലും തുടർന്നുള്ള ദിവസങ്ങളിലും ആണ് ഗതാഗത കുരുക്ക് വർധിക്കുക. അതേസമയം എരുമേലി ഒഴികെയുള്ള പ്രദേശങ്ങളിൽ ഗതാഗത കുരുക്ക് അനുഭവപ്പെടാറുമില്ല.2018 ലെ പ്രളയത്തിന് മുമ്പുണ്ടായിരുന്ന നിലയിൽ തന്നെ ഗതാഗത ക്രമീകരണം തുടർന്നാൽ കുരുക്ക് ഉണ്ടാകില്ലെന്ന് നാട്ടുകാർ പറയുന്നു.
നിലയ്ക്കൽ – പമ്പ റൂട്ടിൽ എല്ലാ വാഹനങ്ങൾക്കും യാത്ര അനുവദിക്കുകയാണ് ഇതിനുള്ള മാർഗം. പ്രളയം കഴിഞ്ഞ് അഞ്ച് വർഷം പിന്നിട്ടിട്ടും ഗതാഗത നിയന്ത്രണം ഇപ്പോഴും തുടരുന്നത് ജനങ്ങളെയും ഭക്തരെയും ഒരേ പോലെ വലയ്ക്കുകയാണ്. പ്രളയം ബാധിച്ച എല്ലാ റോഡുകളിലും ഗതാഗതം പഴയ നിലയിൽ ആയിട്ടും പമ്പ – നിലയ്ക്കൽ റൂട്ടിൽ മാത്രം നിയന്ത്രണം ഇപ്പോഴും തുടരുന്നത് കെഎസ്ആർടിസി ക്ക് ലാഭം നേടാൻ വേണ്ടി ആണെന്ന് വിവിധ ഹൈന്ദവ സംഘടനകൾ ഉൾപ്പടെ ആരോപിക്കുന്നു.