ഗോള്‍ഡന്‍ അവര്‍’ പാഴാക്കി; ജെസ്‌ന കേസില്‍ പോലീസിനെ കുറ്റപ്പെടുത്തി സി.ബി.ഐ,

ജെസ്‌നയുടെ തിരോധാനക്കേസില്‍ പോലീസിനെ കുറ്റപ്പെടുത്തി സി.ബി.ഐ.യുടെ റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതിനായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ലോക്കല്‍ പോലീസിനെ സി.ബി.ഐ. കുറ്റപ്പെടുത്തുന്നത്.

ഒരു തിരോധാനക്കേസില്‍ ആദ്യത്തെ 48 മണിക്കൂറാണ് നിര്‍ണായകം. ‘ഗോള്‍ഡന്‍ അവര്‍’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ജെസ്‌ന കേസില്‍ ഈ നിര്‍ണായക മണിക്കൂറുകള്‍ പോലീസ് ഫലപ്രദമായി വിനിയോഗിച്ചില്ല. ആ ഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍ കേസില്‍ എന്തെങ്കിലും തെളിവ് ലഭിക്കുമായിരുന്നെന്നും സി.ബി.ഐ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെസ്‌ന കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന രീതിയില്‍ മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി നടത്തിയ പരാമര്‍ശത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ഏത് കേസിനും ഒരു ശുഭപര്യാവസാനം ഉണ്ടാകും. ജെസ്‌ന കേസിലും അത്തരമൊരു ശുഭപര്യവസാനം ഉണ്ടാകുമെന്നാണ് അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചത്. ഇക്കാര്യം ടോമിന്‍ ജെ.തച്ചങ്കരി സ്ഥിരീകരിച്ചിട്ടുണ്ടെന്നും സി.ബി.ഐ.യുടെ റിപ്പോര്‍ട്ടിലുണ്ട്.

ജെസ്‌ന ജീവിച്ചിരിക്കുന്നതിനോ മരിച്ചതിനോ യാതൊരു തെളിവുകളുമില്ല. മതപരിവര്‍ത്തനം നടത്തിയതിനും തെളിവുകളില്ല. ഇതിന്റെ ഭാഗമായി പൊന്നാനി, ആര്യസമാജം തുടങ്ങിയ കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തി. പക്ഷേ, തെളിവുകളൊന്നും ലഭിച്ചില്ല. ഏതെങ്കിലും തീവ്രവാദസംഘങ്ങള്‍ക്ക് തിരോധാനവുമായി ബന്ധമുണ്ടോ എന്നതിനും തെളിവുകളില്ല.

അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിച്ചു. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും വിപുലമായ അന്വേഷണം നടത്തി. കോവിഡ് കാലത്ത് ജെസ്‌ന വാക്‌സിനായി രജിസ്റ്റര്‍ ചെയ്തിരുന്നോ എന്നതടക്കം പരിശോധിച്ചു. പക്ഷേ, കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും തെളിവുകള്‍ ലഭിച്ചില്ല.

കേസിന്റെ ഭാഗമായി ജെസ്‌നയുടെ പിതാവിനെയും സുഹൃത്തിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കി. ഇവര്‍ പറഞ്ഞ വിവരങ്ങളെല്ലാം ശരിയായിരുന്നു. ജെസ്‌ന രാജ്യംവിട്ട് പോയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള ശ്രമമാണ് ഇനി നടത്താനുള്ളത്. അതിനായാണ് ഇന്റര്‍പോളിന്റെ സഹായം തേടിയതും യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതും. ഇനി ഇന്റര്‍പോള്‍ വഴി എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ കേസില്‍ അന്വേഷണം മുന്നോട്ടുപോകൂ എന്നും സി.ബി.ഐ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

error: Content is protected !!